
ചങ്ങനാശേരി: മനയ്ക്കച്ചിറ ബോട്ടുജെട്ടി ഒന്നാം പാലത്തിന് സമീപം ആരംഭിക്കുന്ന വേട്ടടി തോട് പണ്ടകശാല അറുപതിൽ തോട് സൗന്ദര്യവത്ക്കരിക്കാൻ പദ്ധതി. ടൂറിസം പദ്ധതിയുടെ ഭാഗമായി തോടിനു സമീപത്തുകൂടി പോകുന്ന റോഡിന്റെ എസ്റ്റിമേറ്റെടുത്തു. തോടിന്റെ ഇരുവശങ്ങളും സൗന്ദര്യവത്ക്കരിച്ച് ആവശ്യമായ സ്ഥലത്ത് പാലങ്ങൾ നിർമ്മിച്ച് ലൈറ്റുകളും ഇരിപ്പിടങ്ങളും ക്രമീകരിക്കും. നേരത്തെ സി.എഫ് തോമസ് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രുപ പദ്ധതിക്കായി അനുവദിച്ചിരുന്നു. എം.എൽ.എ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിക്ക് നൽകിയ അപേക്ഷയെ തുടർന്ന് 50 ലക്ഷം രൂപ അധികമായി അനുവദിച്ചു. തോടിന്റെ സമീപത്തുകൂടിയുള്ള റോഡിന്റെ നവീകരണത്തിനായി ഈ തുക വിനിയോഗിക്കും. തോടിന്റെ നവീകരണജോലികൾ ഉടൻ തന്നെ ആരംഭിക്കും. എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് 96000 രൂപ മുടക്കി മാസങ്ങൾക്ക് മുൻപ് തോട്ടിലെ പോളവാരി വൃത്തിയാക്കിയിരുന്നു. വീണ്ടും വളർന്ന പോള എസ് ബി കോളേജിലെ ബോട്ടണി വിഭാഗം വിദ്യാർത്ഥികൾ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ ദിവസം പ്രദേശവാസികളുടെ നേതൃത്വത്തിലും തോട് വൃത്തിയാക്കിയിരുന്നു.
പ്രകൃതിസൗന്ദര്യം കണ്ട് മടങ്ങാം
നാട്ടുകാർക്കും ടൂറിസ്റ്റുകൾക്കും ശിക്കാരി വള്ളങ്ങളിലും ചെറുബോട്ടുകളിലുമായി കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നതിനും കുട്ടനാടിന്റെ പ്രകൃതികണ്ട് മടങ്ങിയെത്താനും കഴിയുന്ന പദ്ധതിയാണ് ടൂറിസം വകുപ്പ് നടപ്പിലാക്കുന്നത്.