
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ മരുന്ന് മോഷണം. അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന നർകോട്ടിക്ക് വിഭാഗത്തിൽപ്പെടുന്ന മരുന്നുകളാണ് മോഷണം പോയത്. അമ്പതിനായിരം രൂപയുടെ നഷ്ടം കണക്കാക്കപ്പെടുന്നു. തിങ്കളാഴ്ച രാവിലെ ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിന്റെ പൂട്ട് തുറന്ന് കിടക്കുന്നത് കണ്ട് ജീവനക്കാർ നോക്കിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തിയേറ്ററിലെ ചില ഉപകരണങ്ങൾക്ക് മോഷ്ടാക്കൾ കേടുവരുത്തിയിട്ടുണ്ട്. ലഹരിമാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നു. അപഹരിച്ച മരുന്നുകുപ്പികളിൽ ഒരെണ്ണം ഒഴിഞ്ഞനിലയിൽ സമീപം കണ്ടെത്തി. ആശുപത്രിയിലെ മോഷണം ഗൗരവമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചെയർമാൻ ബിജു വി. കണ്ണേഴത്ത് പരാതി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ ജീവനക്കാർക്ക് നേരെയും ആരോപണം ഉയർത്തുന്നുണ്ട്. അന്വേഷണം ആരംഭിച്ചതായി ഡിവൈ. എസ്. പി സി. ജി സനിൽകുമാറും സി ഐ എസ്. പ്രദീപും അറിയിച്ചു.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രിയിൽ നടന്ന മോഷണത്തിന് പിന്നിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കെ.ജി. അബ്ദുൾസലാം റാവുത്തർ ആവശ്യപ്പെട്ടു.