paddy

രാജകുമാരി: ഇവർക്ക് കൃഷി ഒരു ഹരമാണ്, അത് കൊവിഡ് കാലമാണെന്നോ മറ്റാരും ഇത്തരത്തിൽ എത്തുന്നില്ലന്നോ എന്നൊന്നും നോക്കാറില്ല. ഇടുക്കി ജില്ലയിലെ രാജകുമാരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം യൂണിറ്റ് അംഗങ്ങളാണ് കൃഷികാര്യത്തിൽ ഒരു വിട്ടുവീഴ്ച്ചയുമില്ലാതെ രംഗത്തുള്ളത്. പത്ത് വർഷമായി സ്കൂളിലെ നാഷണൽ സർവ്വീസ് യൂണിറ്റ് പ്രവർത്തകരാണ് ഇടവേളകളില്ലാതെ കൃഷിയിൽ ശ്രദ്ധ ചെലുത്തുന്നത്. ഒരുകാലത്ത് നെല്ലും കപ്പയും ഇഞ്ചിയും കാപ്പിയുമെല്ലാം സമൃദ്ധമായി വിളഞ്ഞിരുന്ന ഈ ഊർവര ഭൂമിയുടെ സിംഹ ഭാഗവും ഇപ്പോൾ ഏലംകൃഷി കൈയ്യടക്കിയിരിക്കുകയാണ്. തൊഴിലാളി ഷാമവും കാലാവസ്ഥ വ്യതിയാനവും കുത്തനെ ഉയർന്ന ഉത്പാദന ചെലവും കൃഷി തീർത്തും ലാഭാകരമല്ലാതായി തീർന്നതോടെ നല്ലൊരു പങ്കും ഇവിടെ കൃഷി ഉപേക്ഷിക്കുകയാണ്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട പാടങ്ങളും കൃഷിഭൂമിയും ഏറ്റെടുത്തു കഴിഞ്ഞ പത്തു വർഷമായി കർഷകരെ സഹായിക്കുകയാണ് രാജകുമാരിയിലെ ഈ വിദ്യാർത്ഥികൾ. പാട ശേഖര സമിതി, കർഷക സംഘങ്ങൾ ,കുടുംബ ശ്രീ യൂണിറ്റുകൾ എസ്. എച്ച്. ജി. കൾ എന്നിവയുമായി സഹകരിച്ച് ഹെക്ട്ടർ കണക്കിന് പാടമാണ് ഇതിനകം ഇവർ കൃഷി യോഗ്യമാക്കിയിട്ടുള്ളത്. രാജകുമാരി നോർത്തിലെ കർഷക സംഘവുമായി സഹകരിച്ച് കഴിഞ്ഞ മാസം മഞ്ഞകുഴിയിൽ മൂന്നര ഏക്കർ പാടത്തു കൃഷി ഇറക്കിയ വിദ്യാർത്ഥികൾ നാട്ടുകാരനായബിജുവിന്റെ ഒരേക്കർ പാടം ഇപ്പോൾ കൃഷി ആരംഭിച്ചിരിക്കുകയാണ് . പാടം ഉഴുത് ഞാറ് പറിച്ച് നട്ട് കൊയ്ത്ത് വരെയുള്ള ഏറെക്കുറെ എല്ലാ പ്രവർത്തനങ്ങളും സ്വന്തമായി ചെയ്യുന്ന ഇവർ കാർഷിക പ്രവർത്തനത്തിന് മാതൃകയാണ്. ഹൈറേഞ്ചിന്റെ മണ്ണിൽ നെൽകൃഷി അന്യം നിന്ന് പോകാതിരിക്കാൻ കൗമാരക്കാർ നടത്തുന്ന പരിശ്രമം കൊവിഡ് കാലത്തെ കൗതുക കാഴ്ചയ്ക്കു മപ്പുറം പഴമയുടെ ചൈതന്യം വിളിച്ചുണർത്തുന്ന കാർഷിക സംസ്‌കൃതിയുടെ നേർചിത്രം ആവുകയാണ്. പ്രവർത്തനങ്ങൾക്ക് സ്‌കൂൾ പ്രിൻസിപ്പൽ റെജിമോൾ തോമസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എം റീന,എൻ.എസ്.എസ് വോളന്റീർസ് അനഘ, അശ്വിൻ എന്നിവർ നേതൃത്വം നൽകുന്നു