kseb

ചങ്ങനാശേരി: കെ.എസ്.ഇ.ബി ചങ്ങനാശേരി ഡിവിഷനു വേണ്ടി നിർമ്മിച്ച പുതിയ സെക്ഷൻ ഓഫീസ് കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. കൊവിഡിനെ തുടർന്ന് അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവച്ചിരുന്നു. വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണിയാണ് പുതിയ ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചത്. തിരുവിതാംകൂർ മഹാരാജാവിന്റെ ശംഖുമുദ്ര പതിപ്പിച്ച പഴയ 11 കെ.വി പവർ ഹൗസ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് പുതിയ മന്ദിരം നിർമ്മിക്കുന്നത്. പുതൂർപ്പള്ളി ജമാഅത്ത് കോപ്ലക്‌സിനോടു ചേർന്നുള്ള കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസ് കോമ്പൗണ്ടിലാണ് നിർമ്മിച്ചിരിക്കുന്നത്. 80 ലക്ഷം രൂപ മുടക്കിയാണ് കെ.എസ്.ഇ.ബി ഡിവിഷൻ ഓഫീസിനായി കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പെരുന്ന ബസ് സ്റ്റാൻഡിനു സമീപം സ്വകാര്യ കെട്ടിടത്തിൽ 30000 രൂപ പ്രതിമാസ വാടക നൽകിയാണ് നിലവിൽ കെ.എസ്.ഇ.ബിയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ ഓഫീസ് വരുന്നതോടെ ഈ തുക ചങ്ങനാശേരി ഡിവിഷന് ലാഭമാകും. ചങ്ങനാശേരി ഡിവിഷനു കീഴിൽ ചങ്ങനാശ്ശേരി, കുറിച്ചി, തെങ്ങണ, തൃക്കൊടിത്താനം, വാകത്താനം, കറുകച്ചാൽ, പത്തനാട്, മണിമല എന്നീ എട്ട് സെക്ഷൻ ഓഫീസുകളും ചങ്ങനാശേരി, തെങ്ങണ, കറുകച്ചാൽ എന്നീ മൂന്ന് സബ് ഡിവിഷൻ സെക്ഷനുകളുടെ മേൽനോട്ടം വഹിക്കുന്ന ഡിവിഷൻ ഓഫീസാണിത്. നിർമ്മാണം പൂർത്തിയാക്കി ഡിസംബറിൽ ഓഫീസ് തുറക്കാനാണ് ലക്ഷ്യമിടുന്നത്.