shopping-complex

ചങ്ങനാശേരി: തെങ്ങണയിൽ ആധുനിക മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് വരുന്നു. മാടപ്പള്ളി ഗ്രാമപഞ്ചായത്തിന്റെ തെങ്ങണാ ജംഗ്ഷനിൽ നിർമിക്കുന്ന ആധുനിക മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലകസ് സമുച്ചയത്തിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു. രണ്ടു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഇരുനിലകളുള്ള മാർക്കറ്റ് കെട്ടിടവും രണ്ടാംഘട്ടമായി മൂന്നു നിലയിലുള്ള ഷോപ്പിംഗ് കോപ്ലക്‌സുമാണ് നിർമിക്കുന്നത്. മാർക്കറ്റ് സമുച്ചയത്തിന് മൂന്നു കോടി രൂപയും ഷോപ്പിംഗ് കോംപ്ലക്‌സിന് 5.25 കോടി രൂപയും ഉൾപ്പെടെ 8.25 കോടി രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിലും ഒന്നാം നിലയിലുമായി 24 മുറികൾ മാർക്കറ്റ് കെട്ടിടത്തിലുണ്ടാകും.

കാട് മാറും, കോംപ്ളക്സ്

തെങ്ങണ ജംഗ്ഷനടുത്ത് വില്ലേജ് ഓഫീസിന് എതിർവശത്തായി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ വരുന്ന സ്ഥലത്താണ് മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതി നടപ്പാക്കുന്നത്. ഇവിടം നിലവിൽ കാടുപിടിച്ച നിലയിലാണ്. ആളുകൾ മാലിന്യം കൊണ്ടിടുന്നതും ഇവിടെയാണ്. ഒരുകോടിയോളം രൂപ മുടക്കി ഇവിടെ പട്ടികജാതി വിഭാഗങ്ങൾക്കുള്ള വ്യവസായ, വിപണന കേന്ദ്രത്തിനായി ഇരുനില കെട്ടിടം നിർമിച്ചിരുന്നു. ഇവിടെ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ നടന്നു വരികയാണ്.

തെങ്ങണയുടെ മുഖച്ഛായ മാറും

നിർമാണം ഉടനെ ആരംഭിക്കും. സൗകര്യങ്ങളോടെ നിർമിക്കുന്ന പദ്ധതി പൂർത്തിയാകുമ്പോൾ തെങ്ങണാ ജംഗ്ഷന്റെ മുഖഛായ തന്നെ മാറും. ആദ്യഘട്ടമായി മാർക്കറ്റ് കെട്ടിടത്തിന്റെ നിർമാണമാണ് പൂർത്തീകരിക്കുന്നത്. ഇവിടുത്തെ അഴുക്കു ചാൽ ശുചീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും

ലൈസാമ്മ മുളവന

പഞ്ചായത്ത് പ്രസിഡന്റ്