vellakketu

ചങ്ങനാശേരി: തുരുത്തിപ്പള്ളി - കുന്നലിക്കൽപ്പടി പ്രദേശത്തേക്കുള്ള ഏക ഗതാഗത മാർഗമായ മന്നത്ത് കടവ് റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് നാളുകളായി. അശാസ്ത്രീയ റോഡ് നിർമ്മാണം മൂലം റോഡിൽ വെള്ളം കയറുന്നത് പതിവാണ്. തുരുത്തിപ്പള്ളി ജംഗ്ഷനിൽ നിന്ന് മന്നത്ത് കടവ് ഭാഗം വരെയുള്ള വാഴപ്പള്ളി പഞ്ചായത്ത് പ്രദേശത്തെ ഏകദേശം അമ്പത് മീറ്റർ ഭാഗത്തെ അശാസ്ത്രീയമായ റോഡ് നിർമ്മാണമാണ് പ്രദേശത്തെ വലിയ വെള്ളക്കെട്ടിന് കാരണം. മൂന്നു വശവും പാടവും വെള്ളക്കെട്ടും ഒരു വശത്തുകൂടി റെയിൽവേ ലൈനും പോകുന്ന പ്രദേശത്തേക്കുള്ള ഏക റോഡാണിത്. വാഴപ്പള്ളി, കുറിച്ചി പഞ്ചായത്തുകൾ ' അതിർത്തി പങ്കിടുന്ന സ്ഥലമായതിനാൽ തന്നെ അധികൃതരുടെ ശ്രദ്ധയും ഇവിടെ കുറവാണ്. ഇവിടം വഴിവിളക്കുകൾ പ്രകാശിപ്പിക്കണം എന്ന നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. ഇരുട്ടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ അറവു മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും മറ്റും ഈ റോഡിൽ കൊണ്ടു തള്ളുന്നതും പതിവാണ്. മഴക്കാലത്ത് ഇതു വഴിയുള്ള സഞ്ചാരവും പ്രയാസമാണ്. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയില്ലായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ താലൂക്ക്തല അദാലത്തിൽ റോഡ് ഉയർത്തി നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം വാഴപ്പള്ളി പഞ്ചായത്ത് അധികൃതർ പ്രദേശം സന്ദർശിച്ചു. റോഡ് ഉയർത്തി നൽകുന്നതിനാവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് എൽ.എസ്.ജി.ഡി വാഴപ്പള്ളി പഞ്ചായത്ത് എ.ഇയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


അടിയന്തരമായി റോഡ് ഉയർത്തി നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും

വീണ ബാബു

പഞ്ചായത്ത് സെക്രട്ടറി