model

കോട്ടയം: പ്രളയകാലത്ത് കരുതലായി മാറുന്ന അയ്മനം ഇൻഡോർ സ്റ്റേഡിയം യാഥാർത്ഥ്യമാവുന്നു. 15,000 ചതുരശ്രയടി വിസ്ത്രീർണമുള്ള ഇൻഡോർ സ്റ്റേഡിയം നവംബർ അവസാനവാരം കായിക ലോകത്തിന് തുറന്നുകൊടുക്കും. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തീകരിക്കുന്നത്. കായിക യുവജനകാര്യ വകുപ്പിന്റെ എൻജിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് കിറ്റ്കോ സ്റ്റേഡിയം നിർമ്മിക്കുന്നത്.

സൗകര്യങ്ങൾ

രണ്ട് ബാഡ്മിന്റൺ കോർട്ടുകൾ, ഒരു വോളിബോൾകോർട്ട്, ടോയ്‌ലറ്റുകൾ, ലോക്കർ സൗകര്യം, ഇല്ക്ട്രിക്കൽ റൂം, ജലവിതരണവൈദ്യുതി വിതരണ സൗകര്യങ്ങൾ, സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഡ്രസ് ചെയ്ഞ്ച് റൂമുകൾ, ഓഫീസ് റൂം, സ്ത്രീകൾക്കും പുരുഷന്മാർക്കും ജിംനേഷ്യം

പുനരധിവാസകേന്ദ്രമാവും

സംസ്ഥാന ബജറ്റിൽ അനുവദിച്ച 25 മിനി സ്റ്റേഡിയത്തിൽ ഒന്നാണ് ജയന്തി കവലയിൽ ഉയരുന്ന സ്റ്റേഡിയം. സുരേഷ് കുറുപ്പ് എം.എൽ.എ യുടെ ശ്രമഫലമായാണ് അയ്മനത്ത് സ്റ്റേഡിയം അനുവദിച്ചത്. കായിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ 17 വർഷം മുമ്പാണ് ജയന്തിക്കവലയിൽ പഞ്ചായത്ത് അധികൃതർ മിനി സ്റ്റേഡിയം ആരംഭിച്ചത്. ചാമത്തറ റോഡരികിൽ ഇതിനായി സ്ഥലം വാങ്ങി.

മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണി അതിരൂക്ഷമായ സ്ഥലമാണ് അയ്മനം പഞ്ചായത്ത്. പ്രളയജലം ഒഴുകിപ്പോവാതെ ആഴ്ചകളോളം കിടക്കുന്ന സ്ഥലത്തെ ജനജീവിതം ദുരിതപൂണമായിരുന്നു. 200ലധികം കുടുംബങ്ങളെയാണ് ഓരോ വർഷവും പുനരധിവസിപ്പിക്കേണ്ടി വരുന്നത്. സ്റ്റേഡിയം പൂർത്തിയാവുന്നതോടെ പുനരധിവസിപ്പിക്കാൻ പഞ്ചായത്തിന് വേറെ സ്ഥലം തിരയേണ്ടി വരില്ല.