
വൈക്കം : ആശാ പ്രവർത്തകർ ആരോഗ്യവകുപ്പിന്റെ നട്ടെല്ലാണെന്നും കൊവിഡ് സാഹചര്യത്തിൽ ഇവർ നടത്തിയ സേവനങ്ങൾ ശ്ലാഘനീയമാണെന്ന് കെ..പി.സി.സി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കൻ പറഞ്ഞു.
വൈക്കം ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സുത്യർഹമായ സേവനം നടത്തിയ വിഭാഗങ്ങളെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിച്ചു. കോൺഗ്രസ് നേതാവായിരുന്ന എൽ. രാമചന്ദ്രന്റെ പേരിലുള്ള രാമു ചാരിറ്റബിൾ സൊസൈറ്റിയുടെ ഉപഹാരം താലൂക്ക് ഗവ.ആശുപത്രിയിലെ ഡോ. പി. വിനോദിന് സമ്മാനിച്ചു. വി.കെ വേലപ്പൻ മെമ്മോറിയൽ പുരസ്‌കാരങ്ങൾ, എം. പവിത്രൻ സ്മാരക പുരസ്‌കാരങ്ങൾ, പി. ഡി. ജോൺ ഫൗണ്ടേഷൻ പുരസ്‌കാരങ്ങൾ, കുഞ്ഞൻ സ്മാരക പുരസ്‌കാരങ്ങൾ എന്നിവയും വിതരണം ചെയ്തു.
നഗരസഭയുടെ കീഴിലുള്ള ആശാപ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. സമിതി പ്രസിഡന്റ് ഇടവട്ടം ജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.എൻ ബാബു, എം.ടി അനിൽകുമാർ, കെ.ഷഡാനനൻ നായർ, ജയ്‌ജോൺ പേരയിൽ, പി.ഡി ഉണ്ണി, പി.ടി. സുഭാഷ്, ബി.ചന്ദ്രശേഖരൻ, വി.അനൂപ്, പി.ജോൺസൺ, ജി. ശ്രീകുമാരൻ നായർ എന്നിവർ പ്രസംഗിച്ചു.