petti-and-para

ചങ്ങനാശേരി: പെട്ടിയും പറയും വരെ മോഡേണായി. കൃഷിക്കാവശ്യമായ ജലസേചനത്തിനായി പരമ്പരാഗത രീതിയിൽ ഉപയോഗിച്ച് വന്നിരുന്നതാണ് പെട്ടിയും പറയും. കുമരങ്കരി തോട്ടുങ്കൽ ഹരിദാസും മക്കളായ ജിതിൻദാസും ജിഷ്ണുദാസുമാണ് ചെലവ് കുറഞ്ഞ രീതിയിൽ ഉപയോഗിക്കാവുന്ന എ.ടി ഫീൽഡ് പമ്പ് നിർമ്മിച്ചിരിക്കുന്നത്. തുരുത്തിയിലെ ഡോൺ എൻജിനീയറിംഗ് വർക്ക്‌സ് ഉടമ കൂടിയാണ് ഹരിദാസ്.

കാലങ്ങളായി പെട്ടിയും പറയും നിർമ്മിച്ചിരുന്ന ഇവർ അതിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കിയതോടെയാണ് പുതിയ യന്ത്ര നിർമ്മാണത്തിലേക്ക് തിരിഞ്ഞത്. പെട്ടിയും പറയും നിർമ്മിക്കുന്നതിനായി മൂന്ന് ലക്ഷത്തോളം രൂപ ചെലവാകും. അതേസമയം പുതിയ എ.ടി ഫീൽഡ് പമ്പിന് 2 ലക്ഷം രൂപയേ ചെലവാകൂ. പൂർണ്ണമായും ഇരുമ്പിലാണ് സെറ്റ് നിർമ്മിച്ചിരിക്കുന്നത്. പുതിയ പമ്പ് സെറ്റ് കുമരങ്കരി പറമ്പടി പൊന്നാംപാക്ക പടശേഖരത്തിലും, ഇതിന്റെ 30 എച്ച്. പി വേരിയന്റ് കുമരകം കെ.ടി.ഡി.സിയിലും സ്ഥാപിച്ചിട്ടുണ്ട്. പമ്പ്‌സെറ്റ് പ്രവർത്തന ഉദ്ഘാടനം ഡോ.എൻ. ജയരാജ് എം.എൽ.എനിർവഹിച്ചു.

പ്രവർത്തനം

വെള്ളം പുറത്തേക്ക് പമ്പ് ചെയ്യുന്ന ഡെലിവറി ട്യൂബിന് (പെട്ടി) 14 അടിയും വെള്ളം ഉള്ളിലേക്ക് എത്തിക്കുന്ന ഭാഗത്തിന് (പറ) 9 അടിയുമാണ് നീളം. വൈദ്യുതിയുടെ സഹായത്തോടെ 20 എച്ച്.പി. മോട്ടോർ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്.

പ്രത്യേകതകൾ

 ചെറു വാഹനങ്ങളിൽ കൊണ്ട് പോകാം.

 ഘടിപ്പിക്കാനും പരിപാലിക്കാനും എളുപ്പം.

 തൊഴിലാളികളും കൂലിച്ചെലവും കുറച്ചു മതി

 ബണ്ടിന്റെ ഉപരിതലത്തിലും ഘടിപ്പിക്കാം

 മടവീഴ്ചയെ ചെറുക്കും, കൃഷിനാശം തടയും

പെട്ടിയും പറയും

നെൽകൃഷി ചെയ്യുന്ന പാടശേഖരങ്ങളിൽ ജലസേചനത്തിനായി ഉപയോഗിക്കുന്ന സംവിധാനമാണ് പെട്ടിയും പറയും. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ പാടശേഖരങ്ങളിൽ വെള്ളം കയറ്റിയും ഇറക്കിയും ജല നിരപ്പ് നിയന്ത്രിച്ചു നിർത്താനാണ് ഇത് പൊതുവേ ഉപയോഗിച്ചു വരുന്നത്.