
കോട്ടയം: കൂടുവിട്ട് കൂടു മാറുന്ന അവസരവാദ രാഷ്ടീയമാണ് എന്നും കേരളകോൺഗ്രസിന്റെ മുഖമുദ്ര. 38 വർഷം മുമ്പ് കെ.എം.മാണി ഇടതു മുന്നണി വിട്ടു യു.ഡി.എഫിൽ എത്തിയെങ്കിൽ ഇപ്പോൾ മകൻ ജോസ് കെ. മാണി യു.ഡി.എഫിൽ നിന്ന് കേരള കോൺഗ്രസിനെ മോചിപ്പിച്ച് ഇടതു മുന്നണിയിൽ തിരിച്ചെത്തിക്കുമ്പോൾ അതൊരു ചരിത്ര നിയോഗമാണ്.
പിളരുംതോറും വളരുന്ന കേരളാ കോൺഗ്രസിൽ ഇതൊന്നും ആദ്യമല്ല. കേരളകോൺഗ്രസ് എന്ന സുന്ദരിയുടെ പിറകേ മറ്റുള്ളവർ നടന്നാൽ എന്തു ചെയ്യുമെന്നാണ് പണ്ട് കെ.എം. മാണി ചോദിച്ചത്. 56 വയസിലെത്തിയ 'സുന്ദരി' ഇപ്പോൾ യുവാവായ മകന്റെ കൈപിടിച്ച് ഇടതു മുന്നണിയുടെ പിറകേ പോകുമ്പോൾ എന്ത് ചെയ്യും?
പാർട്ടി രൂപീകരണം, പിളർപ്പ്, 'ചിഹ്നം' വിളി !
ഇന്ത്യൻ നാഷണൽ കോൺഗ്രസ് വിട്ട ഒരു വിഭാഗം നേതാക്കൾ 1964ൽ രൂപംകൊടുത്ത ഇന്ത്യയിലെ ആദ്യ പ്രാദേശിക പാർട്ടിയാണ് കേരളാ കോൺഗ്രസ്. കുതിരയായിരുന്നു ആദ്യ ചിഹ്നം. കെ.എം. ജോർജ് സ്ഥാപക ചെയർമാൻ. ആർ.ബാലകൃഷ്ണപിള്ള സ്ഥാപക ജനറൽ സെക്രട്ടറിയും.
1965ൽ ആദ്യ തിരഞ്ഞെടുപ്പിൽ 23 എം.എൽ.എമാർ. ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതെ വന്നപ്പോൾ 1967ൽ വീണ്ടും തിരഞ്ഞെടുപ്പ്. സീറ്റ് അഞ്ചായി ചുരുങ്ങി.
1970ൽ 14 ആയും 77ൽ 22 ആയും കൂടി.
1979ൽ ആദ്യ പിളർപ്പ്. ജോസഫും മാണിയും രണ്ടു പാർട്ടി. കുതിരയെ മാണിക്ക് കിട്ടി. ജോസഫ് ആനയെ എടുത്തു.
1980ൽ 15 എം.എൽ.എമാർ - മാണിക്ക് 8, ജോസഫിന് 6, പിള്ളയ്‌ക്ക് 1
1985ൽ മാണിയും ജോസഫും വീണ്ടും ലയിച്ചു. ചിഹ്നം വീണ്ടും കുതിര.
1987ൽ വീണ്ടും പിളർന്നു. ജോസഫിന് കുതിര. മാണിക്ക് രണ്ടില എന്ന പുതിയ ചിഹ്നം. ആ തിരഞ്ഞെടുപ്പിൽ 9 എം.എൽ.എമാർ. ജോസഫിന് 5, മാണിക്ക് 4
1990ൽ പക്ഷിമൃഗാദികളെ ചിഹ്നമാക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ. കുതിര പോയി ജോസഫിന് സൈക്കിൾ.
91ലെ തിരഞ്ഞെടുപ്പിൽ 13 എം.എൽഎമാർ. മാണിക്ക് 10, പിള്ളയ്ക്ക് 2, ജോസഫിന് 1
96ൽ 14 എം.എഎൽ.എമാർ. മാണിക്ക് 5, ജോസഫിന് 6, ജേക്കബിന് 2, പിള്ളയ്‌ക്ക് 1
2001ൽ 15 എം.എൽ.എമാർ. മാണിക്ക് 9. ജോസഫിനും ജേക്കബിനും പിള്ളയ്‌ക്കും രണ്ടു വീതം.
2006ൽ 13 എം.എൽഎമാർ. മാണിക്ക് 7, ജോസഫിന് 4, പിള്ളയ്‌ക്ക് 1, ജോർജിന്റെ സെക്കുലറിന് 1.
2009ൽ മാണി ജോസഫ് ലയനം. ചിഹ്നം രണ്ടില.
2011ൽ 11 എം.എൽ.എമാർ. മാണിക്ക് 9, പിള്ളയ്‌ക്കും ജേക്കബിനും ഒന്നു വീതം.
2016ൽ ഒമ്പത് എം.എൽ.എമാരായി ചുരുങ്ങി. മാണിക്ക് 6, പിള്ള, ജേക്കബ്, ജോർജ് ഒന്ന് വീതം.
2019ൽ മാണിയുടെ മരണം. പാലാ ഉപതിരഞ്ഞെടുപ്പായതോടെ ജോസും ജോസഫും തെറ്റി.
2020 ജൂൺ 29ന് യു.ഡി.എഫ് ജോസിനെ പുറത്താക്കി
2020 ആഗസ്റ്റ് 31ന് രണ്ടില ചിഹ്നം ജോസഫിന്. തിരഞ്ഞെടുപ്പ് കമ്മിഷൻ വിധി ജോസിന് അനുകൂലമായെങ്കിലും ജോസഫിന്റെ സ്റ്റേയിൽ ഹൈക്കോടതി ചിഹ്നം തൽക്കാലം മരവിപ്പിച്ചു.
2020 ഒക്ടോബർ 14ന് ജോസ് കെ. മാണി എൽ.ഡി.എഫിൽ
ബ്രായ്ക്കറ്റ് പാർട്ടികൾ
കേരളാ കോൺഗ്രസ് കേരള കോൺഗ്രസ് (എം), (ജെ), (പിള്ള) (ജേക്കബ്), (പി.സി.തോമസ് )(സ്‌കറിയ തോമസ്), (നാഷണലിസ്റ്റ്) (സെക്കുലർ ) (എന്നിങ്ങനെ വിവിധ പാർട്ടികളായി പിളർന്നു.