election

കോട്ടയം: ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായതോടെ പ്രാദേശിക തലത്തിൽ സ്ഥാനാർത്ഥി ചർച്ചകൾ തുടങ്ങി. അതേസമയം പല വാർഡുകളിലും നല്ല സ്ഥാനാർത്ഥികളെ കണ്ടെത്തുന്നത് മുന്നണികൾക്ക് തലവേദനയായിട്ടുണ്ട്. പല പഞ്ചായത്തുകളിലെയും സംവരണ വാർഡുകളിലെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് മുന്നണികൾ തല പുകയ്ക്കുന്നത്. വിജയപ്രതീക്ഷ ഉള്ള വാർഡുകളിൽ പാർട്ടി പ്രവർത്തകരായ സ്ഥാനാർത്ഥികൾ ഇല്ലെന്നതാണ് മുന്നണികളെ കുഴക്കുന്നത്. ഇത്തരം വാർഡുകളിൽ എതിർ കക്ഷിയുടെ അനുഭാവികളെയും പ്രവർത്തകരെയും നോട്ടമിടുന്നുണ്ട്. സജീവ രാഷ്ട്രീയ പ്രവർത്തകർ അല്ലാത്ത പൊതുസമ്മതരെയും പലയിടത്തും പരിഗണിക്കുന്നുണ്ട്.

യു.ഡി.എഫും എൽ. ഡി.എഫും പഞ്ചായത്ത്, മണ്ഡലം, ജില്ലാതല സമിതികൾ രൂപീകരിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. വാർഡ് തലത്തിൽ അനൗപചാരിക സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചു. ജോസ് കെ.മാണി നിലപാട് വ്യക്തമാക്കിയതോടെ ഇക്കുറി ജില്ലാ പഞ്ചായത്തടക്കം പിടിക്കാമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്ക്. എൻ.ഡി.എ ഘടകകക്ഷികളുമായി ബി.ജെ.പിയും ഉടൻ ചർച്ച ആരംഭിക്കും.

 പരിശീലനം തുടങ്ങി
ജില്ലയിൽ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്. റിട്ടേണിംഗ് ഓഫീസർമാർ, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ തുടങ്ങിയവർക്കുള്ള പരിശീലനം, വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യ ഘട്ട പരിശോധന എന്നിവയാണ് നടക്കുന്നത്.

ഉദ്യോഗസ്ഥരുടെ പരിശീലനം എട്ടു മുതൽ വിവിധ ബാച്ചുകളിലായി നടക്കുന്നു. 89 റിട്ടേണിംഗ് ഓഫീസർമാരും 95 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരും ഉൾപ്പെടെയുള്ളവർക്കാണ് പരിശീലനം.

തിരഞ്ഞെടുപ്പ് പ്രക്രിയയുടെ തുടക്കം മുതൽ പൂർത്തീകരണം വരെയുള്ള നടപടികളും പ്രവർത്തനങ്ങളും വിശദമാക്കുന്ന മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലുള്ള പരിശീലനം 28 ന് പൂർത്തിയാകും. മാസ്റ്റർ ട്രെയിനർമാരായ അഞ്ചു പേർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓൺലൈനിൽ പരിശീലനം നൽകിയിരുന്നു.

വോട്ടിംഗ് മെഷീനുകളുടെ പരിശോധന ഏറ്റുമാനൂരിലെ ഇ.വി.എം വെയർ ഹൗസിലാണ് നടക്കുന്നത്. 3000 കൺട്രോൾ യൂണിറ്റുകളും 8000 ബാലറ്റ് യൂണിറ്റുകളുമാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ സാങ്കേതിക വിദഗ്ധരുടെ സാന്നിദ്ധ്യത്തിൽ തഹസിൽദാർമാരും മറ്റുദ്യോഗസ്ഥരും ചേർന്നാണ് പ്രവർത്തനക്ഷമത പരിശോധിക്കുന്നത്.

12 ന് ആരംഭിച്ച പരിശോധന അടുത്തമാസം ആദ്യവാരത്തോടെ പൂർത്തിയാകും.