jos

കോട്ടയം: യു.ഡി.എഫിന്റെ സഹായത്താൽ ലഭിച്ച എം.പി, എം.എൽ.എ സ്ഥാനങ്ങൾ കേരളകോൺഗ്രസ് ജോസ് വിഭാഗം രാജിവയ്ക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ രാജി ആവശ്യമുയർത്തി യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.പി.സി.സി. സെക്രട്ടറി നാട്ടകം സുരേഷിന്റെ നേതൃത്വത്തിൽ കോട്ടയത്ത് പ്രകടനം നടത്തി.

രാഷ്ട്രീയ വഞ്ചന കാട്ടിയെന്ന ആരോപണം നിഷേധിക്കുകയും പിന്നിൽ നിന്ന് കുത്തി വഞ്ചിച്ചത് കോൺഗ്രസാണെന്ന് ആരോപിച്ചും ജോസ് വിഭാഗവും രംഗത്തെത്തിയതോടെ മുന്നണി മാറ്റം വരും ദിവസങ്ങളിലും രാഷ്ട്രീയ പോരിന് വഴിയൊരുക്കുമെന്ന് ഉറപ്പായി.

യു.ഡി.എഫിനോട് നെറികേടുകാട്ടിയവരുടെ ഗതി ഭാവിയിൽ അധോഗതിയാകുമെന്നല്ലാതെ കേരള രാഷ്ട്രീയത്തിൽ ഒരു ഗതിമാറ്റവും ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം മൂലമുണ്ടാകില്ലെന്ന് ഡി.സി.സി.പ്രസിഡൻ്റ് പറഞ്ഞു. മൂന്നു വർഷങ്ങൾക്ക് മുമ്പ് എഴുതി തയ്യാറാക്കിയ തിരക്കഥയാണ് ഇക്കൂട്ടരുടെ മുന്നണി മാറ്റം. 2017 മെയ് 3 ന് നടന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുമായി ചങ്ങാത്തം കൂടി പ്രസിഡന്റ് പദവി കൈയടക്കിയത് ഇതിന്റെ ഭാഗമായിരുന്നു. കെ.എം.മാണിയുടെയും പി.ജെ.ജോസഫിന്റെയും കടുത്ത നിലപാടുമൂലം പാർട്ടിയെ ഇടതു പാളയത്തിലെത്തിക്കാൻ അന്ന് കഴിഞ്ഞില്ല. മാണിയുടെ മരണശേഷം ഇതിനുള്ള നീക്കങ്ങൾ പുനരാരംഭിയ്ക്കുകയായിരുന്നു. ജനങ്ങളെ കബളിപ്പിച്ച കോട്ടയം പാർലമെൻ്റംഗം തോമസ് ചാഴികാടനും എം.എൽ.എ.മാരായ എൻ.ജയരാജും റോഷി അഗസ്റ്റിനും ഉടൻ രാജിവയ്ക്കണമെന്നും ജോഷി ഫിലിപ്പ് ആവശ്യപ്പെട്ടു.

രാഷ്ട്രീയവഞ്ചന കേരളാ കോണ്‍ഗ്രസ് എമ്മിന്റെ സംസ്‌ക്കാരമല്ലെന്ന് ഡി.സി.സി പ്രസിഡന്റിന് ഡോ.എൻ ജയരാജ് എം.എൽ. എ. മറുപടി നൽകി. രാഷ്ട്രീയ വഞ്ചന കാട്ടുകയും പുറകിൽ നിന്ന് കുത്തുകയും ചെയ്തിട്ടുള്ളവർ അവരുടെ ശീലം കേരളാ കോൺഗ്രസിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കേണ്ട. തന്നെ തളച്ചിടാൻ ബാർകോഴക്കേസ് സൃഷ്ടിച്ചത് കോൺഗ്രസ്സിലെ ചില കേന്ദ്രങ്ങളായിരുന്നുവെന്ന് മാണി വ്യക്തമാക്കിയിട്ടുണ്ട്. യു.ഡി.എഫിന്റെ വോട്ട് വാങ്ങി വിജയിച്ചവർ രാജിവയ്ക്കണം എന്നാവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് കേരളാ കോൺഗ്രസിനെ ഏകപക്ഷീയമായി യു.ഡി.എഫിൽ നിന്നും പുറത്താക്കിയ കാര്യം മറക്കരുത്. യു.ഡി.എഫിന്റെ വോട്ടെന്നാൽ കേരളാ കോൺഗ്രസിന്റെ വോട്ടുകൂടിയാണെന്നതും സൗകര്യപൂർവം മറക്കുന്നു. കേരളാ കോൺഗ്രസിന്റെ വോട്ട് കൂടി വാങ്ങി വിജയിച്ച എം.പിമാരും എം.എൽ.എമാരും ആദ്യം രാജിവയ്ക്കട്ടെ. രാജിയും ധാർമ്മികതയും ഏകപക്ഷീയമല്ല. 38 വർഷം ഒപ്പം നിന്ന മാണിയെയും മാണിയുടെ രാഷ്ട്രീയത്തെയും അപമാനിച്ചത് യു.ഡി.എഫാണെന്നും ജയരാജ് പറഞ്ഞു.