
പൊന്‍കുന്നം: കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം ഇടത് മുന്നണിയിലെത്തിയതോടെ ചിറക്കടവ് , എലിക്കുളം ഗ്രാമപഞ്ചായത്തുകളിലെ ഭരണപക്ഷം ഭൂരിപക്ഷമായി.
ചിറക്കടവിൽ 20 അംഗ ഭരണസമിതിയില്‍ ഭരണകക്ഷിയായ ഇടത് മുന്നണിക്ക് 9 അംഗങ്ങളാണുള്ളത്. 3അംഗങ്ങളുള്ള ജോസ് വിഭാഗം എത്തിയതോടെ ഇടത് മുന്നണിയുടെ അംഗബലം 12 ആയി ഉയര്‍ന്നു. ജോസ് വിഭാഗം പോയതോടെ യു.ഡി.എഫിന്റെ അംഗബലം 5 ല്‍ നിന്ന് രണ്ടായി കുറഞ്ഞു. പഞ്ചായത്തില്‍ പ്രതിപക്ഷത്തുള്ള ബി.ജെ.പിക്ക് ആറംഗങ്ങളാണുള്ളത്. ജോസ് കെ.മാണി യോടൊപ്പം ഉറച്ചു നില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസിലെ മൂന്ന് പഞ്ചായത്ത് അംഗങ്ങളും പറഞ്ഞു. ജോസ് വിഭാഗം എത്തിയതോടെ 20 അംഗ ഭരണസമിതിയില്‍ ഇപ്പോഴത്തെ കക്ഷി നില എല്‍.ഡി.എഫ് 12 (സി.പി.എം 7, കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം 3, സി.പി.ഐ 2 )
ബി.ജെ.പി. 6, യു.ഡി.എഫ് (കോണ്‍ഗ്രസ് 2) എന്നിങ്ങനെയാണ്.
എലിക്കുളത്ത് 16 അംഗ പഞ്ചായത്ത് കമ്മിറ്റിയില്‍ ഏഴ് അംഗങ്ങളുണ്ടായിരുന്ന എല്‍.ഡി.എഫിന് കേരള കോണ്‍ഗ്രസ് എത്തുന്നതോടെ 11 അംഗമാകും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്ത് രണ്ട് ബി.ജെ.പി.അംഗങ്ങള്‍ വിട്ടുനിന്നതിനാല്‍ എല്‍.ഡി.എഫും യു.ഡി.എഫും ഏഴ് അംഗങ്ങള്‍ വീതമായി. തുടർന്ന് നറുക്കെടുപ്പിലൂടെയാണ് സി.പി.എമ്മിലെ എം.പി. സുമംഗലാദേവി പ്രസിഡന്റായത്. ഇപ്പോള്‍ കേരളകോണ്‍ഗ്രസ് കൂടി എത്തുന്നതോടെ എല്‍.ഡി.എഫിന് 11 അംഗങ്ങളാവും. എല്‍.ഡി.എഫ്.-7 കേരള കോണ്‍ഗ്രസ് (എം) ജോസ് വിഭാഗം-4, കോണ്‍ഗ്രസ്-3, ബി.ജെ.പി.-2 എന്നിങ്ങനെയാണ് കക്ഷിനില.