കോട്ടയം : വാഹനാപകടത്തിൽ മരിച്ച യുവാവിനും പരിക്കേറ്റയാൾക്കുമായി 56 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി. 2015 ഡിസംബർ 23 ന് ചങ്ങനാശേരി വാഴൂർ റോഡിൽ കൂത്രപ്പള്ളി മഠം ജംഗ്ഷനിലുണ്ടായ അപകടത്തിൽ കോനാട്ട് ഏജൻസീസ് ജീവനക്കാരായിരുന്ന കടയനിക്കാട് കങ്ങഴ എള്ളിമാക്കൽ ശിവന്റെ മകൻ രാജേഷ് കുമാറാണ് (37) മരിച്ചത്. രാജേഷിന്റെ കുടുംബത്തിന് 38 ലക്ഷം രൂപയാണ് വിധിച്ചത്. പരിക്കേറ്റ വാഴൂർ ചാമംപതാൽ തെങ്ങനാമണ്ണിൽ അഭിലാഷിന് (37) 18 ലക്ഷം രൂപ നൽകണം. കോട്ടയം മോട്ടോർ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണൽ ജഡ്ജി വി.ജി ശ്രീദേവിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇൻഷ്വറൻസ് കമ്പനി ഒരു മാസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണം.