silpam

ചങ്ങനാശേരി: ജീവൻ തുടിക്കുന്ന രൂപങ്ങളും ശില്പങ്ങളുമാണ് ഇത്തിത്താനം കൊച്ചുപുരയ്ക്കൽ സുരേഷ്‌കുമാറിന്റെ കരസ്പർശത്താൽ ജന്മമെടുക്കുന്നത്. കഴിഞ്ഞ 20 വർഷങ്ങളായി കേരളത്തിലും വിദേശത്തുമായി മുപ്പതിലധികം അൾത്താരകളും പള്ളികളുമാണ് സുരേഷ് കുമാറിന്റെ ശില്പങ്ങളാൽ മനോഹരമായത്. കോട്ടയം ലൂർദ്ദ് പള്ളി, ദേവലോകം അരമന, എടത്വാ പള്ളി ഇവയൊക്കെ സുരേഷിന്റെ ശില്പകലയുടെ മകുടോദാഹരണങ്ങളാണ്. പാറേൽപള്ളിയിൽ സ്ഥാപിക്കുവാനുള്ള ശില്പങ്ങളുടെ പണിപ്പുരയിലാണ് സുരേഷ്‌കുമാർ ഇപ്പോൾ.

ശില്പങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ നിർമ്മിക്കുകയാണ് രീതി. ഇൻഡോ-യൂറോപ്യൻ വാസ്തുശില്പകലാ രീതിയിലാണ് ശില്പങ്ങൾ നിർമ്മിക്കുന്നത്. കരിങ്കല്ലിൽ തീർക്കപ്പെട്ട തഞ്ചാവൂർ ശില്പങ്ങളോട് കിടപിടിക്കുന്ന ശൈലിയിൽ തേക്കിൻതടികളിലാണ് ശില്പങ്ങൾ കൊത്തിയെടുക്കുന്നത്. വിദേശത്തുള്ള ആത്മീയനേതാക്കളെ സന്ദർശിക്കുന്ന വേളകളിൽ അവർക്ക് നൽകാനുള്ള സമ്മാനമായി സഭാ മേലദ്ധ്യക്ഷന്മാരുടെ നിർദ്ദേശപ്രകാരം നിരവധി ശില്പങ്ങളും നിർമ്മിച്ചിട്ടുണ്ട്. പുരോഹിതരുടെ അംശവടി, ബൈബിളിനെ ആസ്പദമാക്കിയുള്ള ശില്പങ്ങൾ, ഇത്തിത്താനം ഇളങ്കാവിലമ്മ, പനച്ചിക്കാട് വിഷ്ണുമോഹിനി തുടങ്ങിയവയുടെ ശില്പവും നിർമ്മിച്ചിട്ടുണ്ട്. കാനായി കുഞ്ഞിരാമനിൽ നിന്നും നിരവധി അംഗീകാരങ്ങളും അവാർഡുകളും നേടിയിട്ടുണ്ട്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്കായി ബിബ്ലിക്കൽ നിർമ്മിച്ചു നല്കി.

സ്‌കൂൾ പഠനകാലത്ത് കോഴിക്കോട്ട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പെൻസിൽ ഡ്രോയിംഗിൽ ഒന്നാം സ്ഥാനം നേടിയ സുരേഷ് കുമാർ പിന്നീട്, ശില്പകലയുടെ ബാലപാഠങ്ങൾ സ്വയം ഹൃദ്യമാക്കുകയായിരുന്നു. മലയാള സിനിമയ്ക്കായും ശില്പങ്ങൾ ചെയ്തിട്ടുണ്ട്. അഞ്ച് പേർ സഹായികളായി സുരേഷിനൊപ്പമുണ്ട്. മാവേലിക്കര രവിവർമ്മ ഫൈൻ ആർട്സ് കോളേജ് വിദ്യാർത്ഥിയായ മകൻ അനന്തപത്മനാഭനും പിതാവിനെപോലെ അതുല്യപ്രതിഭയാണ്. മുൾകിരീടം ചൂടിയ വിഷാദഭാവത്തോടുകൂടിയ യേശുദേവനും പെഗാസസ് മാതൃകയിൽ തീർത്ത പടക്കുതിരയും ആഫ്രിക്കൻ ആനയുടെ ശിരസുമൊക്കെ അനന്തപദ്മനാഭൻ നിർമ്മിച്ചിട്ടുണ്ട്. സംഗീതകുലപതിയായിരുന്ന എൽ.പി.ആർ. വർമ്മയുടെ സന്തതസഹചാരിയായിരുന്ന കുട്ടപ്പൻ ഭാഗവതരുടെ മകനാണ് സുരേഷ്‌കുമാർ. ഭാര്യ സുലേഖ സംഗീതരംഗത്ത് തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച കലാകാരിയാണ്. മകൾ ഐശ്വര്യ പ്ലസ്ടു വിദ്യാർത്ഥിനി.