
കോട്ടയം: മാണി സി. കാപ്പന് പൂഞ്ഞാർ നൽകി പാലാ സീറ്റു പ്രശ്നം പരിഹരിക്കാൻ സി.പി.എം. നീക്കം. ഇടതു മുന്നണിയിൽ ചേക്കേറിയ ജോസ് കെ. മാണിയെ പാലായിൽ തന്നെ മൽസരിപ്പിക്കാനാണ് കാപ്പനെ ഇത്തരത്തിൽ അനുനയിപ്പിക്കുന്നത്. ജോസ് കെ. മാണി ഇടതു മുന്നണിക്ക് കൈ കൊടുത്തതോടെ പാലാ സീറ്റ് തർക്കം നാടൻ ഭാഷയിൽ പറഞ്ഞാൽ ചക്ക പോലെ കുഴഞ്ഞിരുന്നു. തുടക്കത്തിൽ മുന്നണി വിടുമെന്ന എൻ. സി. പിയുടെ ഭീഷണിയിൽ വരെ എത്തി നിന്ന ഈ പ്രശ്നത്തിൽ പിന്നെപ്പിന്നെ കാപ്പൻ അയയുന്ന കാഴ്ചയാണ് കണ്ടത്. പാലാ കിട്ടിയില്ലെന്നു വച്ച് ഇടതു മുന്നണി വിടില്ലെന്ന് മാണി സി. കാപ്പൻ കഴിഞ്ഞ ദിവസം പാലായിൽ മാദ്ധ്യമപ്രവർത്തകരെ വിളിച്ചു കൂട്ടി പറയുകയും ചെയ്തു. ഇടതു മുന്നണി ഉന്നത നേതാക്കളുടെ ഇടപെടലാണ് ഈ മാറ്റി പറയലിന് കാരണമായി പറയുന്നത്. എന്നാൽ കാപ്പൻ ഇനിയും സമ്മർദ്ദ തന്ത്രം പയറ്റുമെന്നു തന്നെയാണ് ഇടതു മുന്നണി നേതാക്കൾ കരുതുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി കാപ്പൻ പാലാ സിറ്റ് കാര്യം ചർച്ച ചെയ്തുവെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പരസ്യമായി പറഞ്ഞിരുന്നു. ഇത് നിഷേധിച്ച രമേശ്, ഹസന് പറ്റിയത് കമ്മ്യൂണിക്കേഷൻ ഗ്യാപ് എന്നു ന്യായീകരിച്ചെങ്കിലും ചർച്ചയുടെ വിവരം ഹസൻ പരസ്യപ്പെടുത്തിയതിനെതിരെ യു.ഡി.എഫിൽ വിമർശനം ഉയർന്നു. രാഷ്ട്രീയ പക്വതയില്ലായ്മയെന്നാണ് ഹസന്റെ പ്രവൃത്തിയെ കെ.മുരളീധരൻ വിലയിരുത്തിയത്. ഹസൻ, ചെന്നിത്തല പ്രതികരണങ്ങളെക്കുറിച്ച് കാപ്പൻ ഇതുവരെ ഒന്നും പറഞ്ഞതുമില്ല.
എൻ.സി.പി യോഗം ഇന്ന്
ഇന്ന് കൊച്ചിയിൽ എൻ.സി.പി സംസ്ഥാന ഭാരവാഹി യോഗം ചേരുന്നുണ്ട്. മാണി സി. കാപ്പൻ പങ്കെടുക്കുന്ന ഈ യോഗത്തിൽ പാലാസീറ്റ് പ്രശ്നം വരുമെന്നുറപ്പാണ് . നിലവിൽ മറ്റേത് സീറ്റിനെക്കാളും വിജയസാധ്യതയുണ്ടെന്നു കരുതുന്ന പാലാ സീറ്റ് കാപ്പന്റെ കൈയിൽ നിന്നു പിടിച്ച് വാങ്ങിയാൽ ഇടതു മുന്നണിയുടെ പാലായിലെ ജയസാദ്ധ്യതയെ വരെ അതുബാധിക്കാം. തർക്കങ്ങൾക്ക് എത്രയും പെട്ടെന്ന് പരിഹാരം കാണാനാണ് സി.പി.എം ശ്രമം. പാലാ എന്നു കേട്ടാൽ വോട്ടർമാർക്ക് കെ.എം.മാണിയുടെ ഓർമ വരുമെന്നു പറയുന്ന ജോസ് കെ. മാണിക്ക് അവിടെ നിന്ന് ജയിച്ചുകാണിച്ചുകൊടുക്കേണ്ടത് പ്രതിച്ഛായയുടെ വിഷയവുമാണ്. എൽ.ഡി.എഫിന് വേണ്ടി യുദ്ധം ചെയ്ത് പാലാ സീറ്റ് വെട്ടിപ്പിടിച്ച കാപ്പൻ ചുരുങ്ങിയ കാലം കൊണ്ട് വികസന പദ്ധതികൾക്ക് മുൻഗണന നൽകി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏതായാലും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം പ്രശ്നം പരിഹരിക്കാനുള്ള പോംവഴികളാണ് സി.പി.എം ആരായുന്നത്.