വൈക്കം : വെച്ചൂർ വലിയ പുതുകരി പാടശേഖരത്ത് കൊയ്തിട്ട നെല്ല് ഒരാഴ്ചയായിട്ടും എടുക്കാതെ അരി മില്ലുകൾ അധിക കിഴിവു വാങ്ങി കർഷകരെ വഞ്ചിക്കാൻ ശ്രമിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. അപ്രതീക്ഷിതമായി പെയ്ത മഴ മൂലം പാടത്തെ മുഴുവൻ നെല്ലും കൊയ്‌തെടുക്കാനും കർഷകർക്ക് സാധിച്ചിട്ടില്ല. വെച്ചൂർ മോഡേൺ റൈസ് മില്ലാണ് കർഷകരിൽ നിന്ന് നെല്ല് സ്വീകരിക്കാമെന്ന് ഏറ്റിരിക്കുന്നത്. എന്നാൽ കൊയ്തിട്ട നെല്ല് കയറ്റിക്കൊണ്ടുപോകാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഈർപ്പം ഉള്ളതിനാൽ അധിക കിഴിവ് വെണമെന്ന നിർദ്ദേശമാണ് മില്ലുകാർ മുന്നോട്ടുവയ്ക്കുന്നത്. കർഷകനെ കിഴിവിന്റ പേരിൽ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.