kanjirappally

കോട്ടയം: ജോസ് കെ.മാണി വിഭാഗം ഇടതുപക്ഷത്തേയ്ക്ക് ചേക്കേറുമ്പോൾ, തങ്ങൾക്ക് വൈകാരികമായി ഏറെ അടുപ്പമുള്ള കാഞ്ഞിരപ്പള്ളി എങ്ങനെ കൈവിടുമെന്ന വിഷമത്തിലാണ് സി.പി.ഐ.

പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ആദ്യമായി നിയമസഭയിലെത്തിച്ച പഴയ വാഴൂർ മണ്ഡലം ഇല്ലാതായെങ്കിലും വാഴൂരിന്റെ സ്വഭാവം തന്നെയാണ് ഇപ്പോഴത്തെ കാഞ്ഞിരപ്പള്ളിക്ക്. കെ.എം.മാണിയുടെ ഇടതു പ്രവേശത്തെ നേരത്തേ നഖശിഖാന്തം എതിർത്ത കാനത്തിന്റെ കുടുംബ വീടിരിക്കുന്ന മണ്ഡലം വിട്ടുകൊടുക്കുന്നതിനെപ്പറ്റി സി.പി.ഐക്ക് ചിന്തിക്കാനാവുന്നില്ല.

എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറിയായിരിക്കെ,1982ൽ കാനം ആദ്യമായി മത്സരിച്ച് നിയമസഭയിലെത്തിയത് വാഴൂരിൽ നിന്നാണ്. കേരളാകോൺഗ്രസ് നേതാവ് എം.കെ.ജോസഫിനെ തോൽപ്പിച്ചത് 3000 വോട്ടിന്. 1987ൽ പി.സി.തോമസിനെ അയ്യായിരം വോട്ടിന് തറപറ്റിച്ച കാനം ചുവടുറപ്പിച്ചു. മികച്ച പാർലമെന്റേറിയനെന്ന് പേരെടുക്കാൻ അവസരമൊരുക്കിയ വാഴൂരിൽ, കാനത്തിന്റെ തേരോട്ടത്തിന് 1991ൽ തടയിട്ടത് ഡോ.എൻ.ജയരാജ് എം.എൽ.എയുടെ പിതാവും മുൻ മന്ത്രിയുമായ കെ.നാരായണക്കുറുപ്പായിരുന്നു. കാനം പിന്നെ നിയമസഭ കണ്ടിട്ടില്ല. 2006ൽ ഡോ.എൻ.ജയരാജിനോടും അടിയറവ് പറയേണ്ടിവന്നു.

2011ൽ വാഴൂർ ഇല്ലാതായതോടെ, വാകത്താനം ഒഴികെയുള്ള മുഴുവൻ പഞ്ചായത്തുകളും കാ‌ഞ്ഞിരപ്പള്ളിയിലേയ്ക്ക് കുടിയേറി. കാഞ്ഞിരപ്പള്ളിയിൽ അന്ന് ഡോ.എൻ.ജയരാജ് 12,​500 വോട്ടിനാണ് ജയിച്ചത്. 2016ൽ സി.പി.ഐയിലെ വി.ബി ബിനുവിനെ 3800 വോട്ടിന് തോൽപ്പിച്ചു. ജയരാജിന്റെ ഭൂരിപക്ഷം കുറഞ്ഞതിൽ ആത്മവിശ്വാസം പൂണ്ട സി.പി.ഐ, കാഞ്ഞിരപ്പള്ളി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങൾ പയറ്റുമ്പോഴാണ് ഡോ.എൻ.ജയരാജ് മുന്നണിയുടെ ഭാഗമാകുന്നത്.

ഒത്തുതീർപ്പിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളിക്ക് പകരം മറ്റൊരു മണ്ഡലമെന്ന നിലപാട് ജോസ് കെ.മാണിക്ക് കൈക്കൊള്ളേണ്ടി വന്നാൽ,​ പതിറ്റാണ്ടുകളായുള്ള സിറ്റിംഗ് സീറ്റ് കൈവിട്ടെന്ന പേരുദോഷവും പേറേണ്ടി വരും.