akkitham

കോട്ടയം: കുട്ടിക്കാലം മുതൽ യാതനകൾ നിഴലായി കൂടെയുണ്ടായിരുന്ന അക്കിത്തം പലപ്പോഴും പറയുമായിരുന്നു വിശപ്പാണ് തന്നെക്കൊണ്ട് കവിതയെഴുതിച്ചതെന്ന്. അതുകൊണ്ടാവാം സാധാരണക്കാരന്റെ വിയർപ്പും വികാരവും കവിതകളിൽ പ്രതിഫലിച്ച് നിന്നു. കരുണയും സമത്വവുമാണ് അദ്ദേഹം പ്രപഞ്ചദർശനമായി കണ്ടത്. കർമ്മത്തിന്റെ വിയർപ്പും ദുഃഖത്തിന്റെ കണ്ണുനീരും നനഞ്ഞ് കുതിർന്നവയാണ് കവിതകളിൽ ഭൂരിഭാഗവും. ആധുനിക മലയാളകവികളുടെ കൂട്ടത്തിൽ ആശയങ്ങളുടെ വൈപുല്യവും രചനകളുടെ വൈവിദ്ധ്യവും കൊണ്ടും ഉന്നതശീർഷനായി അദ്ദേഹം എന്നും നിലകൊണ്ടു. 'ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ, ഹൃദയത്തിലിലാവുന്നു, നിത്യ നിർമല പൗർണമി'. വിശുദ്ധിയുടെ നറുനിലാവ് കവിതയിൽ പ്രതിഫലിച്ചു നിന്നു. 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം', തുടങ്ങിയ വരികൾ കാലാന്തരങ്ങൾക്കപ്പുറത്തേക്ക് സഞ്ചരിക്കുന്നതാണ്. ജീവിതത്തിലും കവിതയിലും ആഡംബരം ഇല്ലായിരുന്നു.

'ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസം' മനുഷ്യാത്മാവിന്റെ ശുദ്ധീകരണപ്രക്രിയയുടെ കഥയാണ്. കമ്മ്യൂണിസ്റ്റുകാരിൽ നിന്ന് വ്യാപകമായ വിമർശനങ്ങളും കവിത നേടി. എന്നാൽ ഒരു മനഃസാക്ഷിയുടെ അനുദിന വികാസമായിരുന്നു ആ കവിത.

മലയാള കവിതയിലെ സാത്വിക തേജസായി നിലകൊണ്ട മഹാകവിയായിരുന്നു അദ്ദേഹം.