കറുകച്ചാൽ : കങ്ങഴ പത്തനാട് പടിഞ്ഞാറെമന ശ്രീ മഹാപരാശക്തി ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് നവരാത്രി സംഗീതോത്സവവും വിദ്യാപരാശക്തി പൂജയും പൂജവയ്പ്പും വിദ്യാരംഭവും നാളെ മുതൽ 26 വരെ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് പ്രവേശനം ഇല്ലാതെ പൂജാദികർമ്മങ്ങൾ മാത്രമായി നടക്കും. കർമ്മസ്ഥാനം മഠാധിപതി മധുദേവാനന്ദ തന്ത്രിയുടെ മുഖ്യകാർമികത്വത്തിലും, കുഞ്ഞൂഞ്ഞ് ശാന്തിയുടെ സഹകാർമ്മികത്വത്തിലുമാണ് ചടങ്ങുകൾ. നാളെ പുലർച്ചെ 5.45 ന് പരദേവത പൂജയും ബിംബശുദ്ധി കലശ കർമ്മങ്ങളും മഹാഗണപതിഹോമവും. രാവിലെ 9.30ന് സ്വാമി സദ്‌സ്വരൂപാനന്ദ നവരാത്രി മണ്ഡപത്തിലെ കലാവിളക്കിൽ ദീപം തെളിയിക്കും. വൈകിട്ട് 6.45 ന് മഹാ ദീപാരാധനയും ദീപക്കാഴ്ചയും. 7.40 ന് കടയനിക്കാട് രഘുവിന്റെ ഭരതനാട്യം , തുടർന്നുള്ള ദിവസങ്ങളിൽ വിശേഷാൽ പൂജ. വിജയദശമി ദിനത്തിൽ കർമ്മസ്ഥാനത്ത് വർഷംതോറും നടത്തിവരാറുള്ള നവരാത്രി കലാശ്രേഷ്ഠ പുരസ്‌കാരം കാഥികൻ, ഗിന്നസ് ജേതാവ് നിരണം രാജന് സമ്മാനിക്കും. സിനിമാ സംവിധായകൻ അനിൽ രാജ് പങ്കെടുക്കും.