
കോട്ടയം: കൊവിഡ് പ്രതിരോധം ഉറപ്പാക്കാൻ സെക്ടർ മജിസ്‌ട്രേറ്റുമാർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ 1192 പേർക്കെതിരെ നടപടിയെടുത്തു. പൊതുസ്ഥലത്ത് അനാവശ്യമായി കൂട്ടം ചേരുക, മാർഗനിർദേശങ്ങൾ പാലിക്കാതെ വ്യാപാര സ്ഥാപനങ്ങൾ തുറക്കുക, മാസ്‌ക് ധരിക്കാതിരിക്കുക, ശരിയായി ധരിക്കാതിരിക്കുക, വ്യാപാര സ്ഥാപനങ്ങളിലും മറ്റു സ്ഥലങ്ങളിലും സാമൂഹിക അകലം ഉറപ്പാക്കാതിരിക്കുക, സന്ദർശക രജിസ്റ്റർ സൂക്ഷിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പിഴയീടാക്കിയത്. മാസ്‌ക് ധരിക്കാത്തതിനും ശരിയായ രീതിയിൽ ധരിക്കാത്തിനുമായി 737 പേർക്കെതിരെ നടപടി സ്വീകരിച്ചു.
ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും നഗരസഭകളിലുമായി വിവിധ വകുപ്പുകളിലെ 94 ഗസറ്റഡ് ഓഫീസർമാരെയാണ് സെക്ടർ മജിസ്‌ട്രേറ്റുമാരായി നിയോഗിച്ചത്. പഞ്ചായത്ത് തലത്തിൽ ഒരു സെക്ടർ മജിസ്‌ട്രേറ്റിനും നഗരസഭാ വാർഡുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സെക്ടറുകൾ തിരിച്ചുമാണ് ചുമതല നൽകിയിരിക്കുന്നത്. പ്രത്യേക വാഹനവും ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും റവന്യൂ വകുപ്പിന്റെയും സഹായവും ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്.
പരിശോധന
പൊതുസ്ഥലങ്ങൾ, വ്യാപാരവാണിജ്യ സ്ഥാപനങ്ങൾ, ഓഫീസുകൾ, ബാങ്കുകൾ, എ.ടി.എമ്മുകൾ, മാർക്കറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിലെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനവും പൊതുസ്ഥലങ്ങളിൽ നിലവിലുള്ള നിരോധാനജ്ഞയുടെ ലംഘനവുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
നിയമലംഘനം കണ്ടെത്തിയാൽ നോട്ടീസ് നൽകുന്നതിനും പിഴ ഇടാക്കുന്നതിനും കേസ് രജിസ്റ്റർ ചെയ്യുന്നതിനും സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നതിനുമുള്ള അധികാരം സെക്ടർ മജിസ്‌ട്രേറ്റുമാർക്കുണ്ട്. കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളുടെ ലംഘനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് സെക്ടർ മജിസട്രേറ്റുമാരെ അറിയിക്കാം.
കളക്ടർ ഇറങ്ങി
നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ കളക്ടർ എം. അഞ്ജന നടത്തിയ പരിശോധനയിൽ ബാങ്ക് മാനേജർ ഉൾപ്പെടെയുള്ളവർ കുടുങ്ങി. മാസ്‌ക് ധരിക്കാതിരുന്നതിന് കളക്ടറേറ്റിനരികിലെ ബാങ്കിലെ മൂന്ന് ഇടപാടുകാർക്കും നാഗമ്പടത്തെ ബാങ്കിലെ മാനേജർക്കും ഒരു ജീവനക്കാരനും കഞ്ഞിക്കുഴിയിലെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനും പിഴയടയ്‌ക്കേണ്ടിവന്നു. നാഗമ്പടം പാസ്‌പോർട്ട് സേവാ കേന്ദ്രത്തിലെ ക്രമീകരണങ്ങൾ വിലയിരുത്തിയ കളക്ടർ സാമൂഹിക അകലം ഉറപ്പാക്കാതിരുന്നതിന് സമീപത്തെ സൂപ്പർ മാർക്കറ്റിനും ചവിട്ടുവരിയിലെ മത്സ്യവ്യാപാര ശാലയ്ക്കും ശാസ്ത്രി റോഡിലെ വ്യാപാരസ്ഥാപനത്തിനുമെതിരെ നടപടി സ്വീകരിച്ചു. മത്സ്യവ്യാപാര ശാലയിലും ശാസ്ത്രി റോഡിലെ സ്ഥാപനത്തിലും മാസ്‌ക് ധരിക്കാതിരുന്ന ജീവനക്കാർക്ക് പിഴയിട്ടു.