പൊൻകുന്നം : ഹരിതകേരളംമിഷൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് തീർത്ത പച്ചത്തുരുത്തുകളുടെ പട്ടികയിൽ എലിക്കുളം ഗ്രാമപഞ്ചായത്തും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മുഴുവൻ വാർഡുകളിലും പച്ചത്തുരുത്തുകൾ സ്ഥാപിച്ചു.മുഖ്യമന്ത്രിയുടെ സംസ്ഥാനതല പുരസ്‌കാര വിതരണത്തിന് ശേഷം നടന്ന ചടങ്ങിൽ പ്രോജക്ട് ഡയറക്ടർ പി .എസ്. ഷിനോയിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അനുമോദന പത്രം ഏറ്റുവാങ്ങി.
പൊതു സ്ഥലങ്ങളുൾപ്പെടെ തരിശ് സ്ഥലങ്ങൾ കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക ജൈവവൈവിദ്ധ്യ തുരുത്തുകൾ സൃഷ്ടിച്ചെടുക്കാനാണ് പച്ചത്തുരുത്ത് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി പച്ചത്തുരുത്തുകളുടെ മൂന്നു വർഷത്തെ തുടർ പരിചരണവും തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ട്.സംസ്ഥാന ഐ.ടി മിഷന്റെ സഹായത്തോടെ ഉപഗ്രഹ മാപ്പിംഗ് സംവിധാനമുപയോഗിച്ച് ഓരോ പച്ചത്തുരുത്തിന്റെയും സ്ഥാനം, വിസ്തൃതി, തൈകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ അടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളും നടന്നുവരുകയാണ്.എലിക്കുളം പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ മാത്യൂസ് പെരുമനങ്ങാട്ട്, ടോമി കപ്പലുമാക്കൽ, ബിനു മൂക്കിലിക്കാട്ട്,പി.റ്റി. ജോസ്ഥ്, സുപ്രിയ സുരേന്ദ്രൻ,അനുപമ രാജപ്പൻ എന്നിവർ പങ്കെടുത്തു.