എരുമേലി : ഒരു കോടി പത്ത് ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് ഇന്ന് എരുമേലിയിൽ തുടക്കമാകും. 70 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച എൽ.പി.ജി ശ്മശാനത്തിന്റെയും, 40 ലക്ഷം ചെലവഴിച്ച് നിർമിച്ച ഷീ ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 ന് മന്ത്രി എ.സി.മൊയ്തീൻ നിർവഹിക്കും. നേർച്ചപ്പാറ വാർഡിലെ കമുകിൻകുഴിയിലാണ് ശ്മശാനം. ആറ് ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് മൃതദേഹം ദഹിപ്പിക്കുന്നതിനാണ് സംവിധാനം. മൃതദേഹങ്ങൾ സംസ്‌കരിക്കാൻ സ്വന്തം സ്ഥലവും സൗകര്യവും ഇല്ലാത്തവർക്കും നിർദ്ധനർക്കും ഈ സേവനം ലഭിക്കും.ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം മാഗി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ.അജേഷ്, ബ്ലോക്ക് അംഗം പി.കെ. അബ്ദുൽ കരീം,വാർഡ് അംഗങ്ങളായ ജെസ്‌ന നജീബ്, ഫാരിസ ജമാൽ തുടങ്ങിയവർ പങ്കെടുക്കും.

ഷീ ഹോസ്റ്റൽ ചെമ്പകപ്പാറയിൽ
ചെമ്പകപ്പാറയിൽ വൃദ്ധസദനം കെട്ടിടത്തിന് സമീപമാണ് ഷീ ഹോസ്റ്റൽ. നാല് മുറികൾ, ഓഫീസ് മുറി, അടുക്കള, ഡൈനിങ് ഹാൾ, ടോയ്‌ലെറ്റുകൾ എന്നിവയാണ് കെട്ടിടത്തിലുള്ളത്. ഭാവിയിൽ ഡോർമെറ്ററി സൗകര്യം ഉണ്ടാകും.

ഫർണസ് സ്ഥാപിക്കൽ ഉൾപ്പെടെ അന്തിമ ജോലികൾ നടക്കുകയാണ്. ദിവസങ്ങൾക്കകം പ്രവർത്തനം ആരംഭിക്കാനാകും

ടി.എസ്.കൃഷ്ണകുമാർ, പഞ്ചായത്ത് പ്രസിഡന്റ്