ettumuri

ചങ്ങനാശേരി: ഇടിഞ്ഞു വീഴാറായ വീടുകളിൽ നിന്ന് മോചനം നേടി കുറിച്ചി എട്ടുമുറി കോളനി നിവാസികൾ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീടുകൾ അനുവദിച്ചു. സർ സി.പി രാമസ്വാമി അയ്യർ സചിവോത്തമപുരത്ത് ഇന്ത്യയിലെ ആദ്യ മാതൃകാ പട്ടികജാതി കോളനി സ്ഥാപിച്ചപ്പോൾ അവർക്ക് കന്നുകാലികളെ കെട്ടാനായി പണി കഴിപ്പിച്ചു കൊടുത്തതാണ് എട്ടുമുറി, നെയ്ത്തുശാല, ക്ഷേത്രം, നിശാപാഠശാലയായിരുന്ന എച്ച്.ഡബ്‌ള്യൂ.യു.പി സ്‌കൂൾ തുടങ്ങിയവ. വർഷങ്ങൾ കഴിഞ്ഞപ്പോൾ നെയ്ത്തുശാല ഐ.ടി.സി യായി ഉയർത്തപ്പെട്ടു. കന്നുകാലി വളർത്തൽ നിന്നതോടെ ഒഴിഞ്ഞുകിടന്ന എട്ടുമുറിയിൽ എട്ടു കുടുംബങ്ങൾ താമസമാക്കി. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഈ എട്ടുമുറികളുള്ള വീടിന്റെ സ്ഥാനത്ത് താമസയോഗ്യമായ ഭവനങ്ങൾ പണിതു കൊടുക്കണമെന്നത് ഇവിടെ താമസമാക്കിയ കുടുംബങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.

മേൽക്കൂരകൾ നശിച്ചതോടെ ടാർ പായ വലിച്ചുകെട്ടിയാണ് ഇവിടെ കുടുംബങ്ങൾ താമസിച്ചിരുന്നത്. എട്ടു മുറിയിൽ താമസിച്ചിരുന്ന എട്ടു കുടുംബങ്ങളിൽ ഒരു കുടുംബം മാത്രം നേരത്തെ തന്നെ സ്വന്തമായി വീട് പുതുക്കി പണിത് മാറി താമസിച്ചിരുന്നു. എട്ടു മുറി പുനർനിർമ്മിച്ച് നൽകണമെന്ന ആവശ്യവുമായി കോളനി നിവാസികൾ പരാതി പറഞ്ഞിട്ടും യാതൊരു നടപടികളും ഇല്ലായിരുന്നു. ലൈഫ് മിഷനിൽ അപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിക്കുന്നതിന് ഉത്തരവായി.