tarpaya

കോട്ടയം: കാൻസറിന്റെ തീരാദുരിതത്തിൽ തല ചായ്ക്കാൻ ഒരു കൂരയില്ലാതായതോടെ ജീവിതക്കയത്തിൽ ഉഴലുകയാണ് മഞ്ജു എന്ന വീട്ടമ്മയും കുടുംബവും. 50 വർഷം പഴക്കമുണ്ടായിരുന്ന വീട് പേമാരിയിൽ നിലംപൊത്തിയതോടെ തല ചായ്ക്കാൻ ദിവസ വാടകയ്ക്ക് എടുത്ത ടാർപ്പായയുടെ കീഴിൽ കഴിയുകയാണ് ഈ നിർധന കുടുംബം. കോട്ടയം നഗരസഭയിലെ 33ാം വാർഡിൽ പാക്കിൽ പാലത്തിങ്കൽതോപ്പിൽ പുതുശേരി വീട്ടിൽ മഞ്ജുവും കുടുംബവുമാണ് ഈ ദുരിതം അനുഭവിക്കുന്നത്. കഴിഞ്ഞ ദിവസം ഭിത്തികൾ മാത്രം അവശേഷിപ്പിച്ച് ആകെയുണ്ടായിരുന്ന കൂരയും തകർന്നു. അഭയം തേടാൻ മറ്റ് മാർഗമില്ലാതായതോടെ ടാർപ്പായ മരക്കാലിൽ വലിച്ചുകെട്ടി, അതിനു കീഴിലാണ് കഴിയുന്നത്. അയൽവാസികളുടെ സഹായത്താലാണ് ദിവസേന 75 രൂപ ടാർപ്പായയ്ക്ക് വാടകയായി നല്കുന്നത്. ശക്തമായ മഴയിലും കാറ്റിലും തുറന്നു കിടക്കുന്ന ടാർപ്പായയ്ക്കുള്ളിൽ കിടക്കാൻ സാധിക്കാത്തതിനാൽ സമീപത്തുള്ള സ്റ്റേജിൽ പായ വിരിച്ചാണ് രാത്രി ഉറങ്ങുന്നത്. വൈദ്യുതി ഇല്ലാത്തതിനാൽ വഴിവിളക്കിന്റെ വെളിച്ചമാണ് ഏക ആശ്രയം. ചെറിയൊരു ശരീര വേദനയിൽ നിന്നാണ് മഞ്ജുവിന്റെ കാൻസർ രോഗത്തിന്റെ തുടക്കം. ശ്വാസകോശം, അസ്ഥികൾ, നട്ടെല്ല്, ബ്രസ്റ്റ് എന്നീ ശരീര ഭാഗങ്ങളിലാണ് കാൻസർ ബാധിച്ചിരിക്കുന്നത്. മറ്റ് വീടുകളിൽ ജോലി ചെയ്തിരുന്ന മഞ്ജുവിന് രോഗം ബാധിച്ചതോടെ കൂലിപ്പണിക്കാരനായിരുന്ന ഭർത്താവിനും പതിവായി ജോലിക്ക് പോകാൻ കഴിയാതായി. മഞ്ജുവിന്റെ ചികിത്സക്ക് മാത്രം മാസം 10000 രൂപ വേണം. പാക്കിൽ വികസന സമിതിയുടെ സഹായത്താലാണ് ഓപ്പറേഷൻ നടത്തിയത്. വീടിന്റെ തകർച്ചയെക്കുറിച്ചും രോഗത്തെക്കുറിച്ചും വാർഡ് മെമ്പറെ അറിയിച്ചെങ്കിലും ആശുപത്രിയിലായതിനാൽ വരാൻ കഴിയില്ല എന്നാണ് അറിയിച്ചത്. പൊതുപ്രവർത്തകൻ ജോൺ ചാണ്ടിയുടെ നേതൃത്വത്തിൽ 50 വെട്ടുകല്ല് ഇറക്കി നല്കി. പ്ലസ്ടു പഠനം പൂർത്തിയാക്കിയ രണ്ട് ആൺകുട്ടികളാണ് ഇവർക്കുള്ളത്. മുൻപോട്ട് പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് ഈ കുട്ടികൾ. നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽക്കാൻ സർക്കാരിന്റെ വിവിധ പദ്ധതികൾ ഉള്ളപ്പോഴാണ് മഞ്ജുവും കുടുംബവും ദുരിതജീവിതം നയിക്കുന്നത്.


മഞ്ജുവും കുടുംബവും വളരെ ദുരിതത്തിലാണ് കഴിയുന്നത്. വീട് തകർന്നതിനെ തുടർന്ന് ഇവിടെയുള്ളവരുടെ സഹായത്തിലാണ് താല്കാലിക സംവിധാനമെന്ന നിലയിൽ ഷെഡ് കെട്ടിയത്. ഇവർക്ക് പഞ്ചായത്തിൽ നിന്നോ മറ്റ് സന്നദ്ധസംഘടനകളുടെ പക്കൽ നിന്നോ നാളിതുവരെ സഹായങ്ങൾ ഒന്നും ലഭിച്ചിട്ടില്ല.

സിൽജ, അയൽവാസി

ഓപ്പറേഷൻ നടത്താൻ സാമ്പത്തികമില്ലാതിരുന്നതിനെ തുടർന്ന് പാക്കിൽ വികസന സമിതിയുടെ നേതൃത്വത്തിൽ തുക കണ്ടെത്തി നല്കി. ഇതു കൂടാതെ മറ്റൊരു സഹായങ്ങളും ഇവർക്ക് ലഭിച്ചിട്ടില്ല.

ടി.സി സജൻ

പാക്കിൽ വികസന സമിതി

ബാങ്ക് വിവരങ്ങൾ

പേര്: മഞ്ജു സലി

ബാങ്ക്: എസ്.ബി.ഐ

അക്കൗണ്ട് നമ്പർ: 67239644368

ബ്രാഞ്ച്: പള്ളം

ഐ.എഫ്.എസ്.സി: SBIN0070217.