
കോട്ടയം: '' യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് ഇടതുമുന്നണിയിലേയ്ക്ക് ജോസ് കെ.മാണി പോകരുതായിരുന്നു. മാണി സാറിനെ കടിച്ചുകീറിയവരുടെ കൂടെ കൂടുന്നത് കേരളാ കോൺഗ്രസിന്റെ തകർച്ചയ്ക്ക് മാത്രമേ കാരണമാകൂ'', കെ.എം.മാണിയുടെ മകൾ സാലിയുടെ ഭർത്താവും മുൻ ലേബർ കമ്മിഷണറുമായിരുന്ന എം.പി.ജോസഫ് നിലപാട് വ്യക്തമാക്കി. കോൺഗ്രസിന്റെ സാധാരണ അംഗമായ തന്നോട് ഏതെങ്കിലും സീറ്റിൽ മത്സരിക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടാൽ അനുസരിക്കുമെന്നും അദ്ദേഹം കേരളകൗമുദിയോടു പറഞ്ഞു.
ബാർ കോഴയുടെ പേരിൽ ഇടതുപക്ഷം മാണി സാറിനോട് ചെയ്തത് നീതികേടാണ്. ഞങ്ങൾ തമ്മിൽ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിട്ടില്ലെങ്കിലും, ആ സമയത്ത് വിഷമം അദ്ദേഹം പങ്കുവച്ചിരുന്നു. ഇടതുപക്ഷത്തേക്ക് പോകുന്നത് കേരളാ കോൺഗ്രസിന് ഗുണകരമാവില്ല. ഇക്കാര്യം അറിയാവുന്നതിനാലാണ് യു.ഡി.എഫ് വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിച്ചപ്പോഴും മാണി സാർ പോകാതിരുന്നത്. കോൺഗ്രസിന്റെയും കേരളാകോൺഗ്രസിന്റേയും സ്വഭാവം ഏതാണ്ട് ഒരുപോലെയാണ്. ഇടത് രാഷ്ട്രീയത്തിലെ ഏറ്റവും മാന്യനായ മുഖ്യമന്ത്രി നായനാരായിരുന്നിട്ടു
കൂടി മാണി സാർ ഇടതു ബന്ധം ഉപേക്ഷിച്ചു. അപ്പോൾ പിണറായി വിജയന്റെ കാലത്ത് ഇടതുമുന്നണിയിൽ പോയാലുള്ള അവസ്ഥ അറിയാമല്ലോ? കുടുംബത്തിൽ രാഷ്ട്രീയം സംസാരിക്കാറില്ല. അതുകൊണ്ട് തന്നെ ജോസ് കെ.മാണിയുടെ ഇടതുപ്രവേശനത്തെപ്പറ്റി ചർച്ച ചെയ്തിട്ടില്ല.
ജോസ് ടോമിന് പകരം മറ്റൊരു മികച്ച സ്ഥാനാർത്ഥിയായിരുന്നെങ്കിൽ പാലാ സീറ്റ് കൈവിട്ടുപോകില്ലായിരുന്നു. ലോക്‌സഭാ ഇലക്ഷന് ലഭിച്ചതിലും കൂടുതൽ ഭൂരിപക്ഷം ലഭിച്ചേനെ. സിവിൽ സർവീസിൽ നിന്ന് വിരമിച്ചതിനാൽ കൂടുതൽ ജനസേവനത്തിനായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കണമെന്ന ആഗ്രഹമുണ്ട്. പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും. ജോമോൻ എനിക്ക് അനുജനെപ്പോലെയാണ് പക്ഷേ, മാണി സാറിനുണ്ടായിരുന്ന പക്വത ജോമോന്റെ ഈ പ്രായത്തിൽ ഉണ്ടാവണമെന്നില്ല. തീരുമാനം പുന:പരിശോധിച്ച് യു.ഡി.എഫിലേയ്ക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷ- അദ്ദേഹം പറഞ്ഞു
.