
അടിമാലി: കുറേ തീപ്പെട്ടി കമ്പുകൾ കിട്ടിയാൽ മനോഹര രൂപങ്ങൾ നിർമ്മിക്കാമെന്ന് കാണിച്ച് തരുകയാണ് ഷിബിൻ . ഇതൊക്കെ നിർമ്മിച്ചത് തീപ്പെട്ടി കമ്പുകൾകൊണ്ട്തന്നെയോ എന്ന് ആരും അതിശയിച്ച്പോകും, അത്രമാത്രം മികവോടെയാണ് എല്ലാ ം ചെയ്തിരിക്കുന്നത്. അടിമാലി പള്ളിപ്പറമ്പിൽ ഷിബിൻ കാനായിക്ക് സോഷ്യൽമീഡിയായിൽ തീപ്പെട്ടികമ്പുകൾ കൊണ്ട് ആരോ നിർമ്മിച്ച ഒരു ചാരുകസേരയുടെ ചിത്രം കണ്ണിൽ ഉടക്കിയതോടെയാണ് എന്തുകൊണ്ട് തനിക്കും ഇത് ചെയ്ത് കൂടായെന്ന ചിന്ത മനസിലുദിച്ചത്. വിവിധ ജീവികളുടെയും ഗൃഹോപകരണങ്ങളുടെയുമെല്ലാം രൂപങ്ങൾ അതിശയിപ്പിക്കും വിധമാണ് ഷിബിൻ നിർമ്മിച്ചിട്ടുള്ളത്. തീപ്പെട്ടി കമ്പുകളിൽ തീർക്കുന്ന രൂപങ്ങൾക്ക് ഒരു തികഞ്ഞ കലാകാരന്റെ കൈയ്യൊപ്പുണ്ട്.ചെയ്തു പോന്നിരുന്ന ആശാരിപ്പണിയുടെ കൈവഴക്കം കൂടി ചേർന്നതോടെ രൂപങ്ങൾ ഒന്നൊന്നായി ഷെൽഫിൽ നിറഞ്ഞു.സൈക്കിൾ,ഹൗസ് ബോട്ട്,തേൾ,ഫാൻ,പാമ്പിനെ കൊത്തിയെടുത്ത് പറക്കുന്ന പരുന്ത്,ദിനോസറിന്റെ അസ്ഥികൂടം തുടങ്ങി നിരവധി രൂപങ്ങൾ ഇതിൽപ്പെടും. തീപ്പെട്ടി കമ്പുകൾക്കു പുറമെ ബോട്ടിൽ ആർട്ടിലും എം സീലുപയോഗിച്ചുമെല്ലാം ഷിബിൻ പരീക്ഷണം നടത്തുന്നുണ്ട്.ആറ് വർഷത്തോളമായി തടിപ്പണി ചെയ്യുന്ന ഷിബിൻ ഒഴിവു വേളകളിലാണ് രൂപങ്ങൾ നിർമ്മിക്കുന്നത്.ആവശ്യകാർക്ക് ചിത്രങ്ങളും വരച്ച് നൽകുന്നു.തീപ്പെട്ടികമ്പുകളിൽ കൂറേക്കൂടി രൂപങ്ങൾ തീർത്ത് ഒരു പ്രദർശനമൊരുക്കണമെന്ന ആഗ്രഹവും ഷിബിൻ പങ്ക് വച്ചു.