കുമരകം : മുഹമ്മയിൽ നിന്ന് കണ്ണങ്കര വഴി മണിയാപറമ്പിന് പോകുന്ന ഏക യാത്രാബോട്ട് ഒരാഴ്ചയായി സർവീസ് നിറുത്തിവച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോയതാണ് ബോട്ട്. ബോട്ട് കടന്ന് പോകുന്ന പല പ്രദേശങ്ങളും കരമാർഗം ചെന്നെത്താൻ കഴിയുന്നവയല്ല. കരീമഠം, മഞ്ചാടിക്കരി പ്രദേശത്തുള്ളവർ ദൈനംദിന ആവശ്യങ്ങൾക്ക് വന്നെത്തുന്ന ചീപ്പുങ്കലിൽ നിലവിലെത്താൽ കിലോമീറ്ററോളം കാൽനടയായി സഞ്ചരിക്കുകയോ വള്ളത്തിൽ തുഴഞ്ഞെത്തുകയോ വേണം. പുറംബണ്ടിലൂടെ യാത്ര ഏറെ ക്ലേശകരമാണ്. രോഗികളും വയോധികരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്.
വെള്ളത്താൽ ചുറ്റപ്പെട്ട മറ്റൊരു പ്രദേശമായ പുത്തൻകായലിലെ കൃഷിയിടങ്ങളിൽ തൊഴിലാളികൾക്ക് എത്തിച്ചേരാനുള്ള ഏക മാർഗവും ഇതോടെ നിലച്ചു. മണിയാപറമ്പ് വഴി എളുപ്പമാർഗം മെഡിക്കൽ കോളേജിലെത്താൻ കണ്ണങ്കരയിലുള്ള രോഗികൾ ആശ്രയിച്ചിരുന്നതും ബോട്ടാണ്.

നിരാശരായി വിനോദസഞ്ചാരികൾ
തദ്ദേശിയരായ നിരവധി വിനോദ സഞ്ചാരികൾ കുറഞ്ഞ ചെലവിൽ കായൽ കാഴ്ചകൾ കാണാനും ചീപ്പുങ്കൽ ആമ്പൽ വസന്തം ആസ്വദിക്കാനും ബോട്ടിൽ യാത്ര ചെയ്യാൻ എത്തുമായിരുന്നു. കഴിഞ്ഞ ഒരാഴ്ചയായി നിരവധി സഞ്ചാരികളാണ് ചീപ്പുങ്കൽ ബോട്ട് ജെട്ടിയിലെത്തി നിരാശരായി മടങ്ങിയത്. ആലപ്പുഴയെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്നതിനോടൊപ്പം, കൃഷിയും മത്സ്യബന്ധനവും ഉപജീവനമാക്കിയ അയ്മനത്തെയും ആർപ്പൂക്കരയിലെയും ഉൾനാടൻ പ്രദേശവാസികളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ ബോട്ട് സർവീസ് എത്രയും പെട്ടെന്ന് പുന:രാംരംഭിക്കണമെന്നാണ് ആവശ്യം.


ഇവിടെ സർവീസ് നടത്തിയിരുന്ന ചെറിയ ബോട്ട് തകരാറിലാണ്. പകരം വലിയ ബോട്ട് അനുവദിക്കാൻ സാങ്കേതിക തടസമുണ്ട്. എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണികൾ തീർത്ത് സർവീസ് പുന:രാരംഭിക്കും

ഷിജി.വി.നായർ,ഡയറക്ടർ ജലഗതാഗത വകുപ്പ്


നൂറു കണക്കിന് യാത്രക്കാരുടെ ആശ്രയമായ ബോട്ട് സർവീസ് അറ്റകുറ്റപ്പണിയുടെ പേരിൽ പൂർണ്ണമായും നിറുത്തലാക്കിയത് പ്രതിഷേധാർഹമാണ്. സർവീസ് പുന:രാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് നേതൃത്വം നൽകും.

മനോജ് കരീമഠം, പൊതുപ്രവർത്തകൻ


രോഗികളായവരെ ആശുപത്രിയിലെത്തിക്കാൻ ബുദ്ധിമുട്ടാണ്. പുറംബണ്ടിലൂടെയുള്ള യാത്ര പ്രയാസമാണ്, കരീമഠംവും മഞ്ചാടിക്കരിയും ഏറെക്കുറെ പുറംലോകവുമായി ഒറ്റപ്പെട്ട നിലയിലാണ്

കമലാസനൻ പുത്തൻപറമ്പിൽ
ബോട്ട് യാത്രക്കാരൻ