
വൈക്കം : ഇക്കുറി ആനച്ചന്തമില്ല. വൈക്കത്തഷ്ടമി ചടങ്ങ് മാത്രമാവും. വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിനും ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിനും ആനകളെ പൂർണമായി ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആചാരപരമായ ചടങ്ങുകൾ മാത്രം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉത്തരവായി. നവംബർ 27 നാണ് അഷ്ടമി കൊടിയേറുക. ഡിസംബർ 8 നാണ് അഷ്ടമി. 9 ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും. അഷ്ടമിക്ക് മുന്നോടിയായി നടക്കുന്ന സന്ധ്യാവേല ഒക്ടോബർ 22 ന് ആരംഭിക്കും. പുള്ളി സന്ധ്യ വേല 22, 24,26, 28 തീയതികളിലും മുഖസന്ധ്യാവേല ഒക്ടോബർ 30 മുതൽ നവംബർ 2 വരെയും നടക്കും.
പുള്ളി സന്ധ്യ വേലയുടെ കോപ്പുതൂക്കൽ ഒക്ടോബർ 19 നും മുഖസന്ധ്യ വേലയുടെ കോപ്പു തൂക്കൽ ഒക്ടോബർ 29 നും ക്ഷേത്രകലവറയിൽ നടക്കും. വൈക്കത്തഷ്ടമിയുടെ കൊപ്പു തൂക്കൽ നവംബർ 26 നാണ്. പ്രധാന ചടങ്ങുകളായ ഉത്സവബലി ദർശനം. ഡിസംബർ 1, 2, 4, 7. തിയതികളിലും ഋഷഭ വാഹന എഴുന്നളളിപ്പ് ഡിസംബർ 3 നുമാണ്. വലിയ ശ്രീബലി വലിയ വിളക്ക് എന്നിവ ഡിസംബർ 6 ന് നടക്കും. ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നവംബർ 21ന് രാവിലെ 7.15നും 8 നും ഇടയിലാണ് കൊടിയേറുന്നത്. പ്രസിദ്ധമായ തൃക്കാർത്തിക 29 നാണ്. 30 നാണ് ആറാട്ട്.
ഉത്സവങ്ങളിൽ മൂന്നാംസ്ഥാനം
കേരളത്തിലെ ഉത്സവങ്ങളിൽ മൂന്നാം സ്ഥാനമാണ് വൈക്കത്തഷ്ടമിക്ക്. ദേവസ്വം ബോർഡിന്റെ മറ്റ് ക്ഷേത്രങ്ങളിൽ നിന്നി വേറിട്ടതാണ് വൈക്കം ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങൾ. പരശുരാമനാൽ നിശ്ചയിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ആചാരാനുഷ്ഠാനങ്ങൾ ഏറെയും താന്ത്രിക പ്രാധാന്യമുള്ളവയാണ്. ഒപ്പം പ്രാപഞ്ചികമായ മാനുഷിക ഭാവങ്ങളും അവയിൽ അലിഞ്ഞു ചേരുന്നു. അഷ്ടമിയുടെ ഏറ്റവും ആകർഷകമായ ചടങ്ങുകളാണ് ആനപ്പുറത്തുള്ള എഴുന്നള്ളിപ്പുകൾ. പന്ത്രണ്ടാനകൾ വരെയാണ് പ്രധാന എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുക. സ്വർണ്ണത്തിൽ തീർത്ത നെറ്റിപ്പട്ടവും സ്വർണ്ണക്കുടയും ആലവട്ടങ്ങളും വെൺചാമരങ്ങളും ആലക്തിക ദീപങ്ങളും അകമ്പടിയാകും. കേരളത്തിലെ തലപ്പൊക്കത്തിന് മുൻപന്മാരായ ഗജവീരന്മാരാണ് അഷ്ടമി എഴുന്നള്ളത്തുകളിൽ പങ്കെടുക്കുക. ദക്ഷിണേന്ത്യയിലെ തന്നെ പേരെടുത്ത കലാകാരന്മാരാണ് മഹാദേവന്റെ എഴുന്നള്ളത്തുകളിൽ മേളപ്പെരുക്കം തീർക്കുക. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി അതൊന്നുമുണ്ടാവില്ല.
തീരുമാനം പുന:പരിശോധിക്കണം
അഷ്ടമിക്കും തൃക്കാർത്തികക്കും ആനകളെ ഒഴിവാക്കുന്നത് ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരുത്തുമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതികൾ ദേവസ്വം ബോർഡിന് കത്ത് നൽകി. അതീവ പ്രാധാന്യമുള്ള ചടങ്ങുകൾക്ക് ഒരാനയെ എങ്കിലും എഴുന്നള്ളിക്കാൻ അനുവദിക്കണമെന്നതാണ് ആവശ്യം.