paddy

കോട്ടയം: സഹകരണ സംഘങ്ങൾ വഴി കിലോയ്ക്ക് 27.48 രൂപ നിരക്കിൽ നെല്ലു സംഭരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പാകാൻ പ്രതിസന്ധികളേറെ. നെല്ലുസംഭരിച്ച് സൂക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്തതയാണ് പ്രശ്നം. സഹകരണ ബാങ്കിനുവേണ്ടി പാടങ്ങളിലെത്തി ആര് നെല്ല് സംഭരിക്കുമെന്നതും എവിടെ സൂക്ഷിക്കുമെന്നതുമാണ് പ്രധാന പ്രശ്നം. കേരള ബാങ്കിലൂടെ സഹകരണ ബാങ്കുകൾക്ക് സംഭരണത്തിന് പണം നൽകുമെന്നും 105 ബാങ്കുകളുമായി കരാറുണ്ടാക്കിയെന്നുമാണ് കൃഷി വകുപ്പ് പറയുന്നത്. അപ്പർ കുട്ടനാട്ടിലെ ഒരു പഞ്ചായത്തിൽ ശരാശരി 3000 ഏക്കർ വീതം നെൽകൃഷിയുണ്ട്. ഒരേക്കറിൽനിന്ന് ശരാശരി 8000 കിലോ വീതം നെല്ല് ഉത്പാദനമുണ്ടായിരിക്കെ ഇത്രയും നെല്ല് സംഭരിക്കാൻ സഹകരണ ബാങ്കുകൾക്ക് ഗോഡൗൺ സൗകര്യമില്ല. സപ്ലൈകോ ഉദ്യോഗസ്ഥർ സംഭരണ ചുമതല ഏറ്റെടുക്കുന്നില്ലെങ്കിൽ കർഷകർ ഏറെ വലയും. ഉൾഗ്രാമങ്ങളിലും വള്ളങ്ങളിൽ എത്തി നെല്ല് ശേഖരിക്കേണ്ട പാടങ്ങളിലും കൊയ്ത്തും സംഭരണവും ഏറെ ദുഷ്‌കരമാണ്. നെല്ലിന്റെ ഗുണമേൻമ നിശ്ചയിക്കുന്നതിലെ മാനദണ്ഡങ്ങളെന്തെന്നും വ്യക്തമല്ല.

അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പഴക്കം ചെന്ന കൊയ്ത്ത് യന്ത്രങ്ങൾ പാറ്റി നൽകുന്ന നെല്ലിനൊപ്പം കച്ചിയുടെ അവശിഷ്ടങ്ങളും മണ്ണും കലരാറുണ്ട്. ഈ നെല്ല് ചാക്കിൽ കെട്ടി വെച്ചാൽ നെല്ല് കിളിർത്തുപോകാനും സാദ്ധ്യതയുണ്ട്. സഹകരണ സംഘങ്ങൾവഴി കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ലിന് 8.80 രൂപ സംസ്ഥാന വിഹിതമാണ്. 18.68 രൂപ കേന്ദ്ര സർക്കാർ നിശ്ചയിച്ച താങ്ങുവിലയും. സംഭരിക്കുന്ന നെല്ല് സപ്ലൈകോ അരിയാക്കി 32 രൂപയ്ക്കാണ് ഫുഡ് കോർപറേഷന് കൈമാറുന്നത്.

 ജില്ലയിൽ സംഭരണ കരാർ ഒപ്പിട്ടത് 18 സംഘങ്ങൾ

സംഘത്തിന് ക്വിന്റലിന് 73 രൂപ കൈകാര്യച്ചെലവ്

 കയറ്റിറക്കുകൂലി, കമ്മീഷൻ എന്നിവ ഇതിലുൾപ്പെടും

അരിയാക്കി നൽകിയാൽ ക്വിന്റലിന് 213 രൂപ ലഭിക്കും

'' മില്ലുടമകളുടെ സമ്മർദ്ദത്തെ ചെറുക്കാനാകുമെങ്കിലും ഗോഡൗണുകളും മില്ലുകളും ആരംഭിച്ചാൽ മാത്രമേ കാര്യക്ഷമമാകൂ. നെല്ല് സംഭരിച്ച് സഹകരണ സംഘങ്ങൾക്ക് മുൻപരിചയമില്ല. ഇതിന് മുന്നൊരുക്കം ആവശ്യമുണ്ട്''

എം.കെ.ദിലീപ്, അപ്പർ കുട്ടനാട് കാർഷിക വികസന സമിതി