കട്ടപ്പന: മൂന്നുചെയിൻ മേഖലയിലെ മുഴുവൻ പേർക്കും പട്ടയം നൽകാമെന്ന് വിശ്വസിപ്പിച്ച് പണപ്പിരിവ് നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കർഷക സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. സർവേയുടെ പേരിൽ 40 ലക്ഷത്തോളം രൂപ തട്ടിയതായി ഇവർ ആരോപിച്ചു. സമിതി യോഗത്തിൽ ഓഡിറ്റ് ചെയ്തതാണെന്നു പറഞ്ഞ് അവതരിപ്പിച്ച കണക്ക് 13.5 ലക്ഷത്തിന്റേത് മാത്രമാണ്. ബാക്കി പണം കബളിപ്പിച്ചവരെ അറസ്റ്റ് ചെയ്യണം. ഉപ്പുതറ പൊലീസ് കേസെടുത്തെങ്കിലും തുടർനടപടി സ്വീകരിച്ചിട്ടില്ല. മൂന്നുചെയിൻ മേഖലയിൽ പട്ടയം നൽകാമെന്നുള്ള സർക്കാർ വാഗ്ദാനവും പാലിച്ചിട്ടില്ല. മുഴുവൻ കർഷകർക്കും ഉടൻ പട്ടയം വേണമെന്നും ബൈജു എബ്രഹാം, ജോർജ്കുട്ടി കിഴക്കേൽ, മാത്യു ജോസഫ്, എം.എൻ. മോഹനൻ, ചാർളി എന്നിവർ ആവശ്യപ്പെട്ടു. ഇന്ന് വൈകിട്ട് അഞ്ചിന് മാട്ടുക്കട്ടയിൽ കർഷക സമിതി നയവിശദികരണ യോഗം നടത്തും. 19 മുതൽ 23 വരെ അയ്യപ്പൻകോവിൽ വില്ലേജ് ഓഫീസ് പടിക്കൽ നിൽപ് സമരം നടത്തും. സമരസമിതി ചെയർമാൻ മാത്യു ജോസഫ് ഉദ്ഘാടനം ചെയ്യും.