
അടിമാലി: ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്നു തുടങ്ങി. ചെങ്കുളം വ്യൂവാലി ബോട്ടിംഗ് സെന്ററിൽ ഇന്നലെ സർവീസ് പുനരാരംഭിച്ചു. മാർച്ചിലാണ് ബോട്ടിംഗ് സെന്റർ കൊവിഡ് ആശങ്കയിൽ അടച്ചത്. 20 പേർക്ക് യാത്ര ചെയ്യാവുന്ന ഒരു വലിയ ബോട്ടും രണ്ട് സ്പീഡ് ബോട്ടുകളുമാണ് ഇപ്പോൾ സെന്ററിൽ ഉള്ളത്. പൂർണ്ണമായി കൊവിഡ് ജാഗ്രത കൈകൊണ്ടായിരിക്കും ബോട്ടിംഗ് സെന്ററിന്റെ നടത്തിപ്പ്. ശരീര ഊഷ്മാവ് പരിശോധിച്ച ശേഷമായിരിക്കും സന്ദർശകരെ പ്രവേശിപ്പിക്കുക. മുഴുവൻ ആളുകളുടെയും പേരുവിവരങ്ങൾ ശേഖരിക്കും. കൊവിഡ് വ്യാപനം കുറയുന്ന മുറയ്ക്ക് കൂടുതൽ സന്ദർശകരെത്തുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ബോട്ടിംഗ് സെന്റർ സൈറ്റ് ഇൻ ചാർജ് കെ. സതീഷ് കുമാർ പറഞ്ഞു. മാർച്ച് മുതൽ അടഞ്ഞ് കിടക്കുന്നതിനാൽ ബോട്ടുകൾക്ക് അറ്റകുറ്റപ്പണികൾ നടത്തേണ്ടിവന്നു. അഞ്ച് പേർക്ക് യാത്രചെയ്യാവുന്ന സ്പീഡ് ബോട്ടിന് 920 രൂപയാണ് നിരക്ക്.