vellakketu

തൃക്കൊടിത്താനം: വേനൽക്കാലത്ത് പോലും വെള്ളക്കെട്ട് ഒഴിയാതെ തൃക്കൊടിത്താനം പഞ്ചായത്ത് പതിനാറാം വാർഡിൽപ്പെട്ട ആഞ്ഞിലിവേലി-താവളത്തിൽപടി റോഡ്. ഇരുനൂറോളം കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്. കാൽനട യാത്ര പോലും ബുദ്ധിമുട്ടാണ് ഇവിടെ. റോഡിൽ വലിച്ചെറിയുന്ന മാലിന്യം അഴുകി മഴപെയ്യുമ്പോൾ വെള്ളത്തിൽ കലരുന്നു. ഈ മലിന ജലത്തിലൂടെയാണ് പ്രദേശത്തെ ജനങ്ങൾ കടന്നുപോകേണ്ടത്. നിരവധി തവണ കോൺക്രീറ്റ് ചെയ്ത റോഡാണിത്. അശാസ്ത്രീയമായ നിർമ്മാണം, വെള്ളം ഒഴുകി പോകുന്നതിന് തടസങ്ങൾ, റോഡിലേക്ക് ഇറങ്ങിയുള്ള നിർമ്മാണം എന്നിവയാണ് വെള്ളക്കെട്ടിന് കാരണം.

പൈപ്പ് പൊട്ടിയാലും ദുരിതം

കവിയൂർ റോഡിൽ നിന്നാണ് താവളത്തിൽപടി റോഡ് ആരംഭിക്കുന്നത്. കവിയൂർ റോഡിനേക്കാൾ വളരെ താഴ്ന്നാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. കവിയൂർ റോഡ് ഭാഗത്ത് ജലവിതരണ പൈപ്പ് പൊട്ടിയാൽ ആ വെള്ളവും എത്തുന്നത് ഈ റോഡിലേക്കാണ്. റോഡിന്റെ തുടക്കഭാഗം മണ്ണടിഞ്ഞ് കാടുപിടിച്ച നിലയിലാണ്. റോഡിൽ നിന്ന് വെള്ളം ഒഴുകി പോയിരുന്ന ചാലുകൾ മണ്ണ് നിറഞ്ഞതിനാൽ ഒഴുക്ക് സുഗമമല്ല. ഈ റോഡിൽ നിന്ന് ആഞ്ഞിലിവേലി തോട്ടിലേക്ക് വെള്ളം ഒഴുകി പോകാൻ ഉള്ള തടസങ്ങൾ നീക്കേണ്ടതുണ്ട്. കവിയൂർ റോഡിൽ നിന്നു തുടങ്ങുന്ന ഭാഗത്ത് മണ്ണിട്ട് ഉയർത്തി, ഇവിടെ നിന്ന് ആദ്യ ചപ്പാത്ത് വരെയുള്ള ഭാഗം ആനുപാതികമായി ഉയർത്തി കോൺക്രീറ്റ് ചെയ്യണമെന്ന് ആവശ്യം ശക്തമാകുന്നു. കവിയൂർ റോഡ് താവളത്തിൽപടി റോഡുമായി ചേരുന്ന ഭാഗത്ത് പൈപ്പ് ലൈൻ സ്ഥാപിക്കാൻ വെട്ടിപൊളിച്ച ഭാഗത്ത് വലിയ കുഴി രൂപപ്പെട്ടിട്ടുണ്ട്. കുഴി നികത്തി ടാർ ചെയ്തില്ലെങ്കിൽ റോഡ് കൂടുതൽ തകരുന്നതിനും അപകടത്തിനും കാരണമാകുമെന്ന് പ്രദേശവാസികൾ പറയുന്നു.