
കാഞ്ഞിരപ്പള്ളി: ദിവ്യബലി അർപ്പിക്കുവാൻ മാത്രമല്ല വിത്തുകളും, തൈകളും നട്ടു നനച്ചു വിളവെടുക്കുവാനും തങ്ങൾക്ക് അറിയാമെന്നു തെളിയിച്ചിരിക്കുകയാണ് കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള എലിക്കുളം ഉണ്ണിമിശിഹാ പള്ളി വികാരി ഫാ.ജസ്റ്റിൻ പഴയപറമ്പിലും സഹവികാരി ഫാ.സിൽവാനോസ് മീത്തിനകത്തും. ലോക്ക്ഡൗൺ കാലത്ത് എലിക്കുളം കൃഷിഭവനിൽ നിന്നും പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും പച്ചക്കറി വിത്തുകൾ നൽകിയിരുന്നു. പള്ളി സ്ഥിതി ചെയ്യുന്ന നാലാം വാർഡിൽ വിത്തുകൾ വിതരണം ചെയ്ത വാർഡുമെമ്പറും ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമായ മാത്യൂസ് പെരുമനങ്ങാട് പള്ളിമേടയിലേക്കും ഒരു പിടി വിത്തുകളും എലിക്കുളം നാട്ടുചന്തയിൽ നിന്നും തൈകളും വാങ്ങി നല്കി. മുളക്, വെണ്ട, വഴുതന, പയർ എന്നിവയുടെ വിത്തുകളും തൈകളുമാണ് നൽകിയത്. ഇടവക വികാരിമാർ ദൈവാലയ ശുശ്രൂഷയ്ക്ക് ശേഷമുള്ള ഇടവേളകളിൽ പള്ളിയുടെ സമീപത്തായി അവ വിതയ്ക്കുകയും നടുകയും ചെയ്തു. ദിവസവും കുർബാനയ്ക്ക് ശേഷം അവയെ നട്ടു നനച്ചു പരിപാലിച്ച് ഒടുവിൽ വിളവും കൊയ്തു. നൂറു മേനി വിളവാണ് ലഭിച്ചിരിക്കുന്നത്.
ചെടികളുടെ വളർയുടെ ഓരോ ഘട്ടങ്ങളും കണ്ട ഇവരുടെ കൂടെ ഇടവകയിലെ യുവജനങ്ങളും കൂടി. ഒരിക്കൽ പോലും രാസവള പ്രയോഗം നടത്താതെ ജൈവ വളങ്ങൾ മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. നട്ട ചെടികളും വിതച്ച വിത്തുകളും മൂന്നു മാസം കഴിയുമ്പോഴേക്കും വിളവെടുപ്പിനു തയ്യാറായി.
വിത്തുകൾ നല്കിയ മെമ്പർ മാത്യുസ് പെരുമനങ്ങാടിന്റെ സാന്നിദ്ധ്യത്തിൽ പള്ളി വികാരി വിളവെടുപ്പ് നടത്തി ഇടവകാംഗങ്ങൾക്കും വിതരണം ചെയ്തു. പള്ളിവേടയിലെ ആവശ്യത്തിനുള്ള പച്ചക്കറികൾ പള്ളിപുരയിടത്തിലെ കൃഷിയിടത്തുനിന്നും ലഭിക്കുമെന്ന് വികാരി പറഞ്ഞു. കുറച്ച് പച്ചക്കറികൾ ഇടവക അംഗങ്ങൾക്കും വിതരണം ചെയ്യാനാകും. അടുത്ത വർഷം കൂടുതൽസ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് പുരോഹിതരുടെ ആഗ്രഹം. ഇടവകയിലെ മുഴുവൻ വീടുകളിലേക്കും കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞു. ഇടവകയിലെ യുവജനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ആലോചന.