murder

കോട്ടയം: കോളിളക്കം സൃഷ്ടിച്ച സിജി കൊലക്കേസിലെ മുഖ്യപ്രതി, സൗദി അറേബ്യയിൽ ആത്മഹത്യ ചെയ്ത കോട്ടയം ആർപ്പൂക്കര പനമ്പാലം കദളിക്കാലായിൽ മുഹമ്മദ് സാദിഖിന്റെ മൃതദേഹം കബറടക്കി.

അമ്മയുടെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ കരിങ്കുന്നം തട്ടാരത്തട്ട വാഴേപറമ്പിൽ സിജിയെ (24) വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വശത്താക്കി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. 2014 ജൂലൈ 29നായിരുന്നു സംഭവം

വിവാഹം വാഗ്ദാനം നൽകി പീഡനവും തുടർന്നെങ്കിലും വിവാഹം കഴിക്കാൻ ഇയാൾ തയ്യാറായില്ല. വിവാഹം കഴിക്കാൻ പെൺകുട്ടി നിർബന്ധിച്ചതോടെയാണ് സിജിയെ വകവരുത്താൻ സാദിഖ് തീരുമാനിച്ചത്. തുടർന്ന് മൂന്നു കൂട്ടുകാരെയും കൂട്ടി വിവാഹംരജിസ്റ്റർ ചെയ്യാനായി വരാൻ പറഞ്ഞതോടെ വീട്ടിൽ മാതാപിതാക്കൾ സ്വരൂക്കൂട്ടിവച്ച സ്വർണവും പണവും എടുത്ത് പെൺകുട്ടി ഇറങ്ങുകയായിരുന്നു. എന്നാൽ പെൺകുട്ടിയെ എത്തിച്ചത് ചീയപ്പാറയിലേക്കായിരുന്നു. അവിടെ വച്ച് പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി പുഴയിൽ മൃതദേഹം വലിച്ചെറിയുകയായിരുന്നു. സിജിയുടെ 15.5 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 16,000 രൂപയും തട്ടിയെടുത്തു.

ജാമ്യത്തിലിറങ്ങിയ സാദിഖ് കൊല്ലം അയത്തിൽ അഷ്റഫ് എന്ന പേരിലാണ് വ്യാജ പാസ്പോർട്ട് ഉണ്ടാക്കിയത്. തുടർന്ന് സൗദിയിൽ പെയിന്റിംഗ് ജോലി ചെയ്തു വരികയായിരുന്നു. ഒന്നര മാസം മുമ്പാണ് ഇയാൾ ജോലിസ്ഥലത്ത് തൂങ്ങി മരിച്ചത്. തുടർന്ന് പാസ്പോർട്ടിലുള്ള പേരിൽ സൗദി പൊലീസ് വിവരം അറിയിച്ചുവെങ്കിലും അങ്ങനെയൊരാൾ ഇല്ലായെന്നായിരുന്നു മറുപടി. ഇതിനിടയിൽ സൗദിയിലുള്ള ബന്ധുക്കൾ വിവരം ഭാര്യയെ അറിയിച്ചതോടെ മൃതദേഹം വിട്ടുകിട്ടണമെന്നാവസ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്കിയെങ്കിലും നടന്നില്ല. എംബസി മുഖേന ഭാര്യയും സഹോദരനും ചേർന്ന് വീണ്ടും അപേക്ഷ നല്കി. തുടർന്നാണ് മൃതദേഹം എംബാം ചെയ്ത് ഇന്നലെ നാട്ടിലെത്തിച്ചത്.

എന്നാൽ, മറ്റൊരു പേരിലായിരുന്നതിനാൽ സാദിഖിന്റെ ഡി.എൻ.എ പരിശോധന നടത്തിയാലേ മരിച്ചത് സാദിഖ് തന്നെയെന്ന് ഉറപ്പാക്കാനാവു. ഇതിനായിട്ടാണ് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിമാലി സി.ഐ യുടെ നേതൃത്വത്തിൽ ഫോറൻസിക് ഡോക്ടർ സാമ്പിൾ ശേഖരിച്ചത്. കൊലപാതക കേസിൽ മറ്റ് മൂന്നു പ്രതികളുടെ വിസ്താരം നേരത്തെ പൂർത്തിയാക്കിയിരുന്നു. മരിച്ചത് സാദിഖ് തന്നെയെന്ന് ഡി.എൻ.എ ടെസ്റ്റിൽ ഉറപ്പായതാൽ കേസ് അസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ അപേക്ഷ നല്കും.