
കോട്ടയം: ജോസ് പക്ഷം പോയതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് എം മത്സരിച്ച മുഴുവൻ സീറ്റുകളും വേണമെന്ന പി. ജെ. ജോസഫിന്റെ ആവശ്യം നാളെ കോട്ടയത്ത് കോൺഗ്രസ് - കേരള കോൺഗ്രസ് നേതാക്കൾ ചർച്ച ചെയ്യും.ജോസഫിന്റെ ആവശ്യം അതേപടി കോൺഗ്രസ് അംഗീകരിക്കുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളിൽ 1212 സീറ്റിലും 15 നിയമസഭാ സീറ്റിലുമാണ് കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ചത്. ജോസ് പക്ഷം വിട്ടുവന്ന നേതാക്കളുടെയും അണികളുടേയും വലിയ നിര ഒപ്പമുള്ളതിനാൽ മുഴുവൻ സീറ്റിനും അർഹതയുണ്ടെന്നാണ് ജോസഫ് അവകാശപ്പെടുന്നത്,
മാണിയുടെ കാലത്തെ15 സീറ്റും വേണം. ജോസ് വിഭാഗം പോയതോടെ ഒഴിഞ്ഞ സീറ്റുകളിൽ കേരള കോൺഗ്രസുകാർ തന്നെ മത്സരിക്കുകയാണ് ഉചിതം. ജോസ് വിഭാഗത്തെ പരാജയപ്പെടുത്താൻ അതു വേണമെന്നാണ് ജോസഫിന്റെ വാദഗതി.
നിലവിൽ രണ്ട് എം.എൽ.എമാർ മാത്രമുള്ള ജോസഫ് വിഭാഗത്തിന് ജോസ് വിഭാഗത്തിന്റെ ശക്തി മദ്ധ്യ കേരളത്തിലില്ലെന്ന് യു.ഡി.എഫ് നേതാക്കൾക്കറിയാം. അതേസമയം, ജോസ് വിഭാഗം പോയതോടെ കോട്ടയത്ത് ഒഴിവുവന്ന അരഡസനോളം സീറ്റുകൾ മോഹിച്ച് രണ്ട് ഡസനോളം കോൺഗ്രസ് സ്ഥാനാർത്ഥികൾ കളി തുടങ്ങി. മോൻസ് മത്സരിച്ച കടുത്തുരുത്തിക്കു പുറമേ സി.എഫ്.തോമസിന്റെ ചങ്ങനാശേരിക്ക് കൂടി അവകാശവാദമുന്നയിക്കാം. അതിനപ്പുറം ജോസഫ് മന:പായസം കുടിക്കേണ്ടെന്നാണ് ഒരുന്നത കോൺഗ്രസ് നേതാവ് പ്രതികരിച്ചത്. മുൻ മന്ത്രി കെ.സി.ജോസഫ് അടക്കം ചങ്ങനാശേരി സീറ്റിൽ പിടി മുറുക്കിയിട്ടുണ്ട്.
അഞ്ച് മുതൽ എട്ട് വരെ സീറ്റുകൾ ജോസഫ് വിഭാഗത്തിന് നൽകാൻ ആലോചനയുള്ളതായി സൂചനയുണ്ട്. 22 അംഗ കോട്ടയം ജില്ലാ പഞ്ചായത്തിൽ കേരളകോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച 11 സീറ്റും വേണമെന്ന ജോസഫിന്റെ ആവശ്യവും കോൺഗ്രസിന് സ്വീകാര്യമല്ല.