ldf-udf

കോട്ടയം: ജില്ലയിൽ ശക്തമായ വേരോട്ടമുള്ള കേരളകോൺഗ്രസിന്റെ (ജോസ് വിഭാഗം) ഇടതു മുന്നണി പ്രവേശനത്തോടെ വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി കോട്ടയം തൂത്തുവാരുമെന്ന് സി.പി.എം അവകാശപ്പെടുമ്പോൾ ആശങ്കയുണ്ടെങ്കിലും ജോസ് വിഭാഗം വിട്ടു പോയതുകൊണ്ട് യു.ഡി.എഫിന് ഒരു ചുക്കും സംഭവിക്കില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം.

സി.പി.എം, കോൺഗ്രസ്, കേരളകോൺഗ്രസ് എന്ന നിലയിലാണ് ജില്ല മുഴുവനുമുള്ള ശക്തി കണക്കിലെടുത്ത് മൂന്നു പാർട്ടികളുടെയും സ്വാധീനം. സി.പി.എമ്മല്ല ഞങ്ങളാണ് ഒന്നാമതെന്ന് കോൺഗ്രസ് പറയുമ്പോൾ കോൺഗ്രസിലും സ്വാധീനം തങ്ങൾക്കാണെന്നായിരുന്നു കേരളകോൺഗ്രസിന്റെ അവകാശവാദം.

ജോസ് വിഭാഗം ഇടതു മുന്നണിയിലെത്തുമ്പോൾ ജില്ലയിൽ ഇതുവരെയുണ്ടായിരുന്ന രാഷ്ടീയ ശക്തിയിലും മാറ്റം വന്നു. സി.പി.എം, കോൺഗ്രസ് ജില്ലാ നേതാക്കൾ ഈ മാറ്റം വിലയിരുത്തുന്നു.

വി.എൻ.വാസവൻ

സി.പി.എം ജില്ലാ സെക്രട്ടറി

ജോസ് വിഭാഗം കൂടി ഇടതു മുന്നണിയിലെത്തുമ്പോൾ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തും ബ്ലോക്കും ഗ്രാമ പഞ്ചായത്തുകളും പിടിച്ചെടുക്കാൻ ഇടതുമുന്നണിക്ക് കഴിയുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ അവകാശപ്പെട്ടു. ജോസ് വിഭാഗത്തിന്റെ സഹായത്തോടെയാണ് കോൺഗ്രസിന് കൂടുതൽ തദ്ദേശ സ്ഥാപനങ്ങൾ ഇപ്പോൾ ഭരിക്കാൻ കഴിയുന്നത്. ജോസഫ് വിഭാഗത്തിന് കാര്യമായ സ്വാധീനം കോട്ടയം ജില്ലയിലില്ല. ജോസ് വിഭാഗം പോയത് യു.ഡി.എഫിന് വലിയ ക്ഷീണം ചെയ്യുമെന്നാണ് ഞങ്ങളുടെ വിലയിരുത്തൽ. ജോസ് വിഭാഗം വരുന്നതോടെ സീറ്റ് വിഭജനം പ്രശ്നമാകുമെന്ന പ്രചാരണം ശരിയല്ല. ഉപാധികളില്ലാതെയാണ് അവർ ഇടതു മുന്നണിയിലേക്ക് വരുന്നത്. നിയമസഭാ സീറ്റുകൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടകാര്യമില്ല . തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകളും തുടങ്ങിയിട്ടില്ല. അർഹമായ പ്രാതിനിദ്ധ്യം എല്ലാ ഘടക കക്ഷികൾക്കും നൽകും.യു.ഡി.എഫ് അല്ല എൽ.ഡി.എഫെന്നും വാസവൻ പറഞ്ഞു.

ജോഷി ഫിലിപ്പ്

ഡി.സി.സി പ്രസിഡന്റ്

ജോസ് വിഭാഗം യു.ഡി.എഫിൽ നിന്നു പോയതോടെ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോട്ടയം ജില്ലയിൽ യു.ഡി.എഫിന് ക്ഷീണം സംഭവിക്കുമെന്ന പ്രചാരണം ശരിയല്ലെന്ന് ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. യു.ഡി.എഫിനോട് നെറികേടുകാട്ടിയവരുടെ ഗതി ഭാവിയിൽ അധോഗതിയാകുമെന്നല്ലാതെ കേരള രാഷ്ട്രീയത്തിൽ ഒരു ഗതിമാറ്റവും ജോസ് വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം മൂലമുണ്ടാകുകയില്ല. ജില്ലയിലെ വലിയ ഒറ്റ പാർട്ടി ഇന്നും കോൺഗ്രസാണ്. ജോസ് വിഭാഗത്തിന് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ലഭിച്ച സീറ്റുകൾ കോൺഗ്രസിനൊപ്പം നിന്നതിനാൽ കിട്ടിയതാണ്. ഇടതുപക്ഷത്തേക്ക് പോയതിൽ ജനാധിപത്യ വിശ്വാസികളായ കേരളകോൺഗ്രസ് അണികൾ അസംതൃപ്തരാണ്. സി.പി.എം സഹായം തേടിയ ജോസ് വിഭാഗത്തിന് അവർ വോട്ട് ചെയ്യുമെന്നു കരുതുന്നില്ല. ആ വോട്ടുകൾ ചോർന്ന് യു.ഡി.എഫിന് ലഭിക്കുന്നതിനാൽ ജോസ് വിഭാഗത്തിന് നിലവിലുള്ള സീറ്റു പോലും അടുത്ത തിരഞ്ഞെടുപ്പിൽ ലഭിക്കില്ലെന്നാണ് കരുതുന്നതെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.