
അച്ചടിയുടെ ചരിത്ര മ്യൂസിയമാക്കും
കോട്ടയം : കേരളത്തിലെ ആദ്യ അച്ചടി ശാലയായ സി.എം.എസ് പ്രസിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ദ്വിശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. ഇരുനൂറാം വാർഷികത്തിന്റെ ഭാഗമായി ആദ്യകാല അച്ചടിയെക്കുറിച്ച് പുതുതലമുറയെ ഓർമപ്പെടുത്തനായി ചരിത്ര മ്യൂസിയം സ്ഥാപിക്കും. ആദ്യ പ്രസ്, ആദ്യ ബൈബിൾ അച്ചടിക്കാൻ തയ്യാറാക്കിയ അച്ചുകൾ, പ്രസിന്റെ ഭാഗങ്ങൾ, ബെഞ്ചമിൻ ബെയ്ലി രചിച്ച പുസ്തകങ്ങൾ, നിഘണ്ടുകൾ, ആദ്യകാല പാഠപുസ്തകങ്ങൾ, ആദ്യ നോവൽ ഘാതകവധം, ആദ്യ നാടകം ആൾമാറാട്ടം, ആദ്യ മാസിക ജ്ഞാന നിക്ഷേപം,ആദ്യ കോളേജ് മാഗസിൻ വിദ്യാ സംഗ്രഹം , നിരവധി ചരിത്ര രേഖകകൾ തുടങ്ങിയവ സ്മാരകത്തിലുണ്ടാകും.
സി.എം.എസ് പ്രസ് ചാപ്പലിൽ സ്തോത്ര ശുശ്രൂഷയോടെയാണ് ദ്വിശതാബ്ദിക്ക് തിരിതെളിഞ്ഞത്. പൊതു സമ്മേളനം സി.എസ്.ഐ ബിഷപ്പ് തോമസ് കെ ഉമ്മൻ ഉദ്ഘാടനം ചെയ്തു. ജ്ഞാന നിക്ഷേപം ഇംഗ്ലീഷ് പതിപ്പ് പ്രകാശനവും ദ്വിശതാബ്ദി ലോഗോ പ്രകാശനവും നടന്നു. ഡോ.ബാബു ചെറിയാൻ ബെഞ്ചമിൻ ബെയ്ലി പ്രഭാഷണം നടത്തി. 1821-ൽ ബെഞ്ചമിൻ ബെയ്ലി എന്ന ഇംഗ്ലീഷ് മിഷണറി സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യ മുദ്രാലയമായ കോട്ടയം സി.എം.എസ് പ്രസ്.
1848ൽ പ്രസിദ്ധീകരണം ആരംഭിച്ച ആദ്യ മാസിക 'ജ്ഞാനനിക്ഷേപം" ഇവിടെയാണ് അച്ചടിച്ചത്. തിരുവിതാംകൂറിലും കൊച്ചിയിലും ദിവാനും റസിഡന്റുമായി സേവനം അനുഷ്ഠിച്ച കേണൽ മൺറോയുടെ നിർദ്ദേശ പ്രകാരമാണ് ചർച്ച് മിഷൻ സൊസൈറ്റി കോട്ടയം ചാലുകുന്നിൽ പ്രസ് സ്ഥാപിക്കാൻ തീരുമാനിച്ചത്. പ്രസ് ഇംഗ്ലണ്ടിൽ നിന്ന് വന്നെങ്കിലും മലയാളം ടൈപ്പുകൾ ഇല്ലായിരുന്നു. ഒരു മരപ്പണിക്കാരനെയും രണ്ടു കൊല്ലന്മാരെയും പ്രസിൽ താമസിപ്പിച്ചായിരുന്നു. അതുവരെയുണ്ടായിരുന്ന ചതുരവടിവ് ഉപേക്ഷിച്ചിട്ട് വട്ടത്തിൽ മലയാളലിപികൾക്ക് അച്ചു തയ്യാറാക്കിയത്. ചതുര വടിവ് അച്ചുകളുടെ എണ്ണം 1128ൽ നിന്ന് അഞ്ഞൂറിൽപ്പരമായി കുറച്ചത് ബെയ്ലി ആണ്. 1834ൽ സ്വാതിതിരുനാൾ മഹാരാജാവ് തിരുവനന്തപുരത്ത് ആദ്യമായി ഗവൺമെന്റ് പ്രസ് സ്ഥാപിക്കുന്നത് വരെ സർക്കാരിനാവശ്യമായ സകല മുദ്രണജോലികളും സി.എം.എസ് പ്രസിലാണ് നടത്തിയത്.