
കോട്ടയം : പുതുപ്പള്ളി കൊച്ചാലുമ്മൂട്ടിൽ കെ.എസ്.ആർ.ടി.സി ബസിൽ കാറിടിച്ച് നാലുപേർ മരിക്കാനിടയായ അപകടമുണ്ടായത് ഡ്രൈവറുടെ പരിചയക്കുറവുമൂലമെന്ന് മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട്. സി.സി.ടി.വി കാമറാ ദൃശ്യങ്ങളും ഇത് തെളിയിക്കുന്നു. മുന്നിൽ പോയ ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായ കാർ ബസിനു മുന്നിലേയ്‌ക്ക് ഇടിച്ചു കയറുകയായിരുന്നു.
വെള്ളിയാഴ്‌ച വൈകിട്ട് അഞ്ചരയോടെ പുതുപ്പള്ളി - വാകത്താനം റോഡിൽ കൊച്ചാലുമ്മൂടിന് സമീപമായിരുന്നു അപകടം. കാർ നിശേഷം തകർന്നിരുന്നു. ഇന്നലെയാണ് വാകത്താനം പൊലീസും മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗവും അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വിട്ടത്. സമീപത്തെ കെട്ടിടത്തിൽ നിന്നുള്ളവയാണിത്.
കണ്ടെത്തൽ ഇങ്ങനെ
അശ്രദ്ധമായ ഡ്രൈവിംഗ് : പുതുപ്പള്ളി മുതൽ കാർ മറ്റു വാഹനങ്ങളെ അശ്രദ്ധമായാണ് മറികടന്നിരുന്നതെന്നു പിന്നാലെ എത്തിയ കാറിലുണ്ടായിരുന്ന യാത്രക്കാർ മൊഴി നൽകി
ഡ്രൈവറുടെ പരിചയക്കുറവ് : സ്ഥിരമായി ഓടിക്കുന്ന കാറായിരുന്നില്ല അപകടത്തിൽ മരിച്ച ജിൻസ് ഓടിച്ചിരുന്നത്. ബൈക്ക് ഓടിക്കുന്നതിന് സമാനമായി കാർ ഓടിച്ചത് അപകടത്തിന് കാരണമായി
അശ്രദ്ധമായ ഓവർടേക്കിംഗ് : ബൈക്കിനെ റികടക്കാൻ ശ്രമിക്കുന്നതിനിടെ കാർ റോഡിന്റെ വലത് ഭാഗത്തേയ്ക്കു പോകുകയും എതിർ ദിശയിൽ നിന്ന് എത്തിയ ബസിൽ ഇടിക്കുകയുമായിരുന്നു.
സീറ്റ് ബെൽറ്റ് ധരിച്ചില്ല : കാറിലുണ്ടായിരുന്ന യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. വണ്ടി വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തിട്ടും സീറ്റ് ബെൽറ്റ് മുറിയ്‌ക്കേണ്ടി വന്നില്ല.
പരിശോധന ശക്തമാക്കും
പുതുപ്പള്ളി അപകടത്തിന്റെ പശ്ചാത്തലത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്ത യാത്രക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കും. കാറിലെ യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ, പിൻസീറ്റ് യാത്രക്കാരുടെ എങ്കിലും ജീവൻ രക്ഷിക്കാനാകുമായിരുന്നു.
ടോജോ എം.തോമസ്, ആർ.ടി.ഒ
എൻഫോഴ്‌സ്‌മെന്റ്
അമിതും പോയി, തനിച്ചായി കുഞ്ഞുമോൻ
കോട്ടയം : ഭാര്യയ്ക്ക് പിന്നാലെ മകനെയും അപകടത്തിന്റെ രൂപത്തിൽ മരണം വേട്ടയാടിയപ്പോൾ പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് ജീവിത തുരുത്തിൽ തനിച്ചായിരിക്കുകയാണ് ചിങ്ങവനം മൈലുംമൂട്ടിൽ കുഞ്ഞുമോൻ. കഴിഞ്ഞ ദിവസം പുതുപ്പള്ളയ്ക്ക് സമീപം കൊച്ചാലുംമൂട്ടലുണ്ടായ കാർ അപകടത്തിൽ ഭാര്യ ജലജ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഏകമകൻ അമിത് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇതോടെ ചാന്നാനിക്കാട്ടെ വീട്ടിൽ ഏകനായി ഇരിക്കുന്ന കുഞ്ഞുമോനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയാതെ വിങ്ങുകയാണ് ഉറ്റവരും ഉടയവരും.
പാമ്പാടിയിലെ ബന്ധുവീട്ടിൽ പോയ ശേഷം ബന്ധുക്കളെ പത്തനംതിട്ട കവിയൂരിലെ വീട്ടിൽ വിടാൻ പോകുന്നതിനിടെയായിരുന്നു അപകടം. ജലജയെ കൂടാതെ ജിൻസ്, മുരളി എന്നിവരായിരുന്നു വെള്ളിയാഴ്ച മരിച്ചത്. അമിത്, സഹോദരിയുടെ മകൻ അതുൽ എന്നിവർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചങ്ങനാശേരിയിൽ സ്റ്റുഡിയോയിൽ ഗ്രാഫിക് ഡിസൈനാറാണ് കുഞ്ഞുമോൻ. ഗാനമേള ട്രൂപ്പുകളിൽ കീബോർഡിസ്റ്റുമായി ജോലി ചെയ്യുന്നുണ്ട്. അമിത് തെങ്ങണ ഗുഡ്‌ഷെപ്പേർഡ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ അമിതിന് പിതാവിനെപോലെ വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യാനായിരുന്നു ആഗ്രഹം. തബല പഠിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുകാർ. ബന്ധുക്കളുടെയും അയൽക്കാരുടെയും പ്രിയങ്കരനായിരുന്ന അമിതിന്റെ വിയോഗം നാടിനെ കണ്ണീരിലാഴ്ത്തി.