kettidam

ചങ്ങനാശേരി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ സചിവോത്തമപുരം കോളനിയെ സ്വയംപര്യാപ്തഗ്രാമമായി പ്രഖ്യാപിച്ചിട്ട് വർഷം 8 കഴിഞ്ഞു. പക്ഷേ പദ്ധതികൊണ്ട് കോളനി നിവാസികൾക്ക് എന്ത് പ്രയോജനമുണ്ടായി എന്നുമാത്രം ചോദിക്കരുത്. സ്വയംപര്യാപ്തതയിലെത്തിയില്ലെന്നുമാത്രമല്ല പദ്ധതിയുടെ പേരിൽ ഒരു കോടി രൂപയോളം പാഴാക്കുകയും ചെയ്തു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്താണ് 140 നിയോജകമണ്ഡലങ്ങളിലെ ഓരോ പട്ടികജാതി കോളനികളെ സ്വയപര്യാപ്ത ഗ്രാമമായി ദത്തെടുത്ത് സ്ത്രീശാക്തീകരണവും മറ്റ് വികസനപ്രവർത്തനങ്ങളും നടത്തുന്ന സ്വയംപര്യാപ്ത ഗ്രാമം പദ്ധതി ആരംഭിച്ചത്. ചങ്ങനാശേരി നിയോജകമണ്ഡലത്തിൽ കുറിച്ചി സചിവോത്തമപുരം കോളനിയാണ് ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടത്.
2012 ൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ച് 85 ലക്ഷം രൂപ ചെലവഴിച്ച് മൂന്ന് കെട്ടിടങ്ങൾ നിർമ്മിച്ചു. ബാക്കിയുള്ള 15 ലക്ഷം രൂപയ്ക്ക് തയ്യൽമെഷീനുകളും മൊബൈൽ മോർച്ചറിയും വാങ്ങി. പക്ഷേ പദ്ധതിയുടെ ഉദ്ഘാടനം പോലും നടത്താൻ കഴിഞ്ഞില്ല. കെട്ടിടങ്ങളുടെ ഷട്ടറിൽ പ്രാവുകൾ കൂടുകൂട്ടി, ഇപ്പോൾ തുരുമ്പെടുത്ത നിലയിലായി. പദ്ധതിക്ക് ഇപ്പോൾ എന്തുസംഭവിച്ചു എന്ന് ആർക്കും ഉത്തരമില്ല. പട്ടികജാതി വികസനവകുപ്പിന്റെ അനാസ്ഥയാണ് പദ്ധതിയുടെ പൂർത്തീകരണത്തിലെ അപാകതയ്ക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ തുക അനുവദിച്ച് പദ്ധതി പൂർത്തീകരിക്കാൻ പട്ടികജാതി വികസനവകുപ്പ് തയ്യാറാകണമെന്ന ആവശ്യം ശക്തമാകുന്നു.

എല്ലാം നശിച്ചു


പദ്ധതിക്കായി നിർമ്മിച്ച കെട്ടിടങ്ങൾ തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. സാമൂഹ്യവിരുദ്ധരും ഇവിടെ തമ്പടിക്കുന്നു. വനിതാ സംരംഭമായി വാങ്ങിക്കൂട്ടിയ തയ്യൽമെഷീനുകൾ തുരുമ്പെടുത്ത് നശിച്ചു. മൊബൈൽ മോർച്ചറി ഉപയോഗിക്കാതെ നശിച്ചു. പദ്ധതിയുടെ ഭാഗമായി വാങ്ങേണ്ടിയിരുന്ന ആംബുലൻസ് ഇതുവരെ വാങ്ങാൻ കഴിഞ്ഞിട്ടില്ല. കോളനി നിവാസികൾക്കായി തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് സ്വയംപര്യാപ്ത നേടുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം.