pj

ജോസ് കെ മാണി അവസാനം ഇടതുമുന്നണിയിലെത്തി. ജോസഫാകട്ടെ ജോസ് പോയതോടെ ഒഴിവു വന്ന സീറ്റു പിടിച്ചെടുക്കാൻ യു.ഡി.എഫിൽ പയറ്റുകയാണ്. വിട്ടു കൊടുക്കില്ലെന്ന് പറഞ്ഞ് കോൺഗ്രസും കളത്തിലിറങ്ങിയതോടെ ഇനി എന്തൊക്കെ കാണേണ്ടിവരും എന്റെ ദൈവമേ എന്ന് പറഞ്ഞുപോവുകയാണ് ചുറ്റുവട്ടത്തുള്ളവർ. എ.കെ.ജി സെന്ററിൽ ആദ്യമായെത്തിയ ജോസിനെ ചുവപ്പ് പരവതാനി വിരിച്ചു സ്വീകരിച്ചതും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എ.കെ.ജി സെന്ററിന്റെ പടിവരെ വന്നു ടാറ്റാ കൊടുത്ത് യാത്രഅയച്ചതും കാനം രാജേന്ദ്രനെ കൂടി ഒന്നു കണ്ടോ എന്ന് ഉപദേശിച്ച് സി.പി.എം കൊടിവച്ച കാറിൽ എം.എൻ.സ്മാരകത്തിലേക്ക് ഡ്രൈവറെ അടക്കം വിട്ടതും ടി.വി ചാനലിൽ കണ്ട് കോൾമയിർ കൊള്ളുകയായിരുന്നു നാട്ടുകാർ.

രാഷ്ട്രീയത്തിൽ നിത്യ ശത്രുക്കളില്ല എന്നു പറയാറുണ്ട്. കേരള കോൺഗ്രസിനാണ് അത് ഏറെ യോജിക്കുക. തമ്മിൽ ലയിക്കുമ്പോൾ ഒരു കെട്ടിപിടിത്തമുണ്ട്. ലയിക്കുന്നവർ ഒന്നിച്ച് തോവാളയിൽ നിന്ന് പ്രത്യേകം വരുത്തുന്ന പടുകൂറ്റൻ പുഷ്പമാലക്കുള്ളിൽ തലയിട്ടാണ് ഫോട്ടോക്ക് പോസ് ചെയ്യുക. പുഷ്പ കിരീടവും പൂ വാളും പൂപരിചയുമൊക്കെ ഗ്രൂപ്പ് ഫോട്ടോയിലും കാണും. പിളരുമ്പോൾ ആദ്യം തന്തക്കു തന്നെ വിളിച്ചു തുടങ്ങും. പിന്നെ പല ദിവസങ്ങളിലായി തെറി അഭിഷേകം തുടങ്ങും. ഇതാണ് കേരള കോൺഗ്രസുകാരുടെ മിനിമം അദ്ധ്വാന വർഗസിദ്ധാന്ത പരിപാടി.

എന്നാൽ ജോസ് ഇടതുമുന്നണിയിലെത്തുമ്പോൾ തെറി പറയാൻ കേരളകോൺഗ്രസുകാർ കുറവാണ് .മാണി സി കാപ്പൻ പരസ്യമായും സി.പി.ഐക്കാർ രഹസ്യമായും മാത്രമേ എന്തെങ്കിലും പറയുന്നുള്ളൂ. ജോസ് പോയതോടെ മത്സരിക്കാൻ കൂടുതൽ സീറ്റ് കിട്ടുമെന്ന സന്തോഷത്താൽ കോൺഗ്രസുകാർ മധുരപലഹാരം വിതരണം ചെയ്തപ്പോൾ ജോസഫ് വിഭാഗം യൂത്ത് ഫ്രണ്ടുകാർ കേരളകോൺഗ്രസ് 56 വർഷം മുമ്പ് പിറന്നു വീണ കോട്ടയം തിരുനക്കര മൈതാനത്ത് ചാണക വെള്ളം തളിച്ചായിരുന്നു സന്തോഷം പ്രകടിപ്പിച്ചത്. 9 നിയമസഭാ സീറ്റുള്ള കോട്ടയത്ത് ആറു സീറ്റിലും മത്സരിച്ചിരുന്നത് കേരള കോൺഗ്രസുകാരായിരുന്നു. ജോസ് പോയതോടെ സീറ്റുകൾ ഒഴിവായി. ഇവിടെ മത്സരിക്കാൻ മൂത്തതും യൂത്തുമായ ഒന്നര ഡസനോളം കോൺഗ്രസുകാരാണ് രംഗത്തുള്ളത്. ജോസ് യു.ഡി.എഫിൽ നിന്ന് പോയെങ്കിലും ആറ് സീറ്റുകളും തങ്ങൾക്ക് വേണമെന്ന് ആവശ്യപ്പെട്ടു വഴിമുടക്കാൻ ജോസഫ് ഇതിനിടെ രംഗത്തെത്തി.

ജില്ലാ പഞ്ചായത്തിലെ 22 സീറ്റ് കോൺഗ്രസും കേരളകോൺഗ്രസും 11 വീതം പങ്കിട്ടെടുത്തിരുന്നു. ജോസ് വിഭാഗത്തെ തോൽപ്പിക്കാൻ തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് വേണമെന്നാണ് ജോസഫിന്റെ ആവശ്യം. കോട്ടയത്ത് ജോസഫ് വിഭാഗത്തിന്റെ ശക്തി വലിച്ചാൽ നീളുകയും വിട്ടാൽ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യുന്ന റബറിന്റത്രയേ ഉള്ളൂ എന്ന് അറിയാവുന്ന കോണഗ്രസുകാർ വേലിയേൽ ഇരുന്ന പാമ്പിനെ എടുത്ത് എങ്ങാണ്ട് വച്ചെന്ന പഴഞ്ചൊല്ല് ഓർക്കുകയാണിപ്പോൾ. ജോസ് വന്നതോടെ കോട്ടയം തൂത്തു വാരുമെന്ന് സി.പി.എം നേതാക്കൾ പറയുമ്പോൾ ഒരു ചുക്കും സംഭവിക്കില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഏതായാലും സാമ്പിൾ വെടിക്കെട്ടെന്നു വിശേഷിപ്പിക്കാവുന്ന തദ്ദേശ തിരഞ്ഞെടുപ്പ് വരുന്നു. അപ്പോൾ അറിയാം. ആ കാഴ്ച കണ്ട് ഒന്നു കൂടി കോൾമയിർ കൊള്ളാൻ കാത്തിരിക്കുകയാണ് ചുറ്റുവട്ടം...