 
അടിമാലി: കൊവിഡ് കാലത്ത് അടിമാലി ചാരിറ്റബിൾ സൊസൈറ്റി സന്നദ്ധപ്രവർത്തന രംഗത്ത് പുതിയ ഇടപെടൽ നടത്തുന്നു.രുചി ചോരാതെ ആവശ്യകാർക്ക് ഉച്ചയൂണെത്തിക്കുന്നതിനൊപ്പം ഇതിലൂടെ ലഭിക്കുന്ന വരുമാനം ചികിത്സാ സഹായം ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കാനാണ് ചാരിറ്റബിൾ സൊസൈറ്റിയുടെ തീരുമാനം.ഇതിനായി വാഴയിലയിൽ പൊതിച്ചോറ് എന്ന പദ്ധതിക്ക് സൊസൈറ്റി രൂപം നൽകി കഴിഞ്ഞു.അടിമാലിയിലും പരിസരപ്രദേശങ്ങളിലുമുള്ള ആവശ്യക്കാർ വിളിച്ചാൽ ഉച്ചയൂണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എത്തിച്ച് നൽകും.ഊണിന് 40 രൂപയും സ്‌പെഷ്യൽ ഊണിന് 70 രൂപയുമാണ് നിരക്ക്.ആവശ്യമുള്ളിടത്തെത്തിച്ച് നൽകുന്നതിന് അധിക നിരക്കുകൾ ഇല്ല.പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനം ചികിത്സാ സഹായം ഉൾപ്പെടെയുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ചാരിറ്റബിൾ സൊസൈറ്റി വൈസ് പ്രസിഡന്റ് ഷൈല ജോസ് പറഞ്ഞു.അടിമാലി മേഖലയിലെ വിവിധ സ്ഥാപനങ്ങളിലേക്കുൾപ്പെടെ സൊസൈറ്റി വാഴയിലയിൽ ഉച്ചയൂണിപ്പോൾ എത്തിച്ച് നൽകുന്നുണ്ട്.സൊസൈറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ പാചകവും പൊതിച്ചോറ് തയ്യാറാക്കലുമെല്ലാം നടന്നു വരുന്നു.ഉച്ചയൂണ് ആവശ്യമുള്ളവർക്ക് 7736916929 എന്ന നമ്പരിൽ ബന്ധപ്പെടാം.