jayaraj

കോട്ടയം : പാലാ ഉപതിരെഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ന് സ്ഥാനാർത്ഥി ഇല്ലെന്നും പാർട്ടി ചിഹ്നം നൽകേണ്ടതില്ലെന്നും കാണിച്ച് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചതായി സ്ഥിരീകരിക്കുന്ന പി.ജെ.ജോസഫിന്റെ പ്രസ്താവന കേരള രാഷ്ട്രീയം കണ്ട കൊടുംചതിയുടെ വ്യാപ്തി തുറന്നുകാണിക്കുന്നതാണെന്ന് ഡോ.എൻ ജയരാജ് എം.എൽ.എ പറഞ്ഞു. 2019 ആഗസ്റ്റ് 23 ന് ചേർന്ന സ്റ്റിയറിംഗ് കമ്മറ്റിയിൽ ഈ തീരുമാനം എടുത്തെന്ന് സമ്മതിക്കുന്ന പി.ജെ.ജോസഫിന്റെ ഇപ്പോഴത്തെ തർക്കം കത്തയച്ച തീയതിയെക്കുറിച്ച് മാത്രമാണ്. പി.ജെ ജോസഫ് അയച്ച കത്തിന്റെ യാഥാർത്ഥ്യം ജനങ്ങളെ അറിയിക്കുകകയാണ് റോഷി അഗസ്റ്റിൻ ചെയ്തത്. അത് എങ്ങനെയാണ് കള്ളപ്രസ്താവനയാവുക. കഴിഞ്ഞ ദിവസങ്ങളിൽ പൊതുസമൂഹത്തിലും ഇടതുമുന്നണിയിലും ലഭിച്ച സ്വീകാര്യതയിൽ നിന്ന് വിറളിപൂണ്ട പ്രതികരണങ്ങളാണ് അദ്ദേഹത്തിൽ നിന്ന് ഇപ്പോഴുണ്ടാകുന്നത്. കാലാകാലങ്ങളായി ജോസ് കെ.മാണിയെ വ്യക്തിഹത്യചെയ്യുക എന്ന അദ്ദേഹത്തിന്റെ വിലകുറഞ്ഞ രാഷ്ട്രീയതന്ത്രം ഇന്നിപ്പോൾ റോഷി അഗസ്റ്റിലേക്കും എത്തിനിൽക്കുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്ത് മുന്നണിമാറ്റങ്ങളിൽ സ്വന്തം പേരിൽ റെക്കാഡ് സൃഷ്ടിച്ച ജോസഫിന്റെ ഏച്ചുകെട്ടിയ ചങ്ങാടം ഇനി ഏത് കടവിലേക്കാണെന്ന് കാത്തിരിന്നുകാണാമെന്നും അദ്ദേഹം പറഞ്ഞു.