blade

കോട്ടയം: കൊവിഡ് ലോക് ഡൗണിന് പിന്നാലെ കേന്ദ്ര സർക്കാർ മോറട്ടോറിയം പ്രഖ്യാപിച്ചിട്ടും ഭീഷണി തുടർന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും ബ്ലേഡ് കമ്പനികളും. മോറട്ടോറിയം കാലത്തെ ഇ.എം.ഐയും പലിശയും അടയ്ക്കണമെന്നാവശ്യപ്പെട്ട് ഇവർ രംഗത്തിറങ്ങിയതോടെ പ്രതിസന്ധിയിലായത് സാധാരണക്കാരാണ്.

എച്ച്.ഡി.ബി, ബജാജ് ഫിൻസർവ്, ടി.വി.എസ് ഫിനാൻസ് തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങളുടെ ജീവനക്കാരാണ് ഫോണിൽ വിളിച്ച് ഭീഷണി മുഴക്കുന്നതെന്നാണ് പരാതി. ഇതു സംബന്ധിച്ച് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 513 പരാതികളാണ് ലഭിച്ചിരിക്കുന്നത്. കൊവിഡ് കാലത്ത് ആദ്യം മൂന്നു മാസവും, പിന്നീട് ആറു മാസവും മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു.

പറ്റിക്കാൻ പലവഴി

ആവശ്യമുള്ളവർക്ക് മാത്രം മോറട്ടോറിയം തിരഞ്ഞെടുക്കാനുള്ള അനുവാദമാണ് റിസർവ് ബാങ്ക് നൽകിയിരുന്നത്. പല സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും മോറട്ടോറിയം ആവശ്യമുണ്ടോ എന്ന് മൊബൈലിൽ സന്ദേശം അയച്ചാണ് ഉപഭോക്താവിനെ അറിയിച്ചിരുന്നത്. ഇതിൽ നടത്തിയ ചില തട്ടിപ്പുകളാണ് ഇപ്പോൾ സാധാരണക്കാരെ കുരുക്കാൻ ഉപയോഗിക്കുന്നത്. മോറട്ടോറിയം ആവശ്യമില്ലെങ്കിൽ ഓപ്ട് ഔട്ട് എന്ന ഓപ്ഷൻ സ്വീകരിക്കുന്നതിനാണ് പലർക്കും സന്ദേശം വന്നിരുന്നത്. ഫോണിൽ വന്ന എസ്.എം.എസ് സന്ദേശത്തോട് പ്രതികരിക്കാതിരുന്നാൽ സ്വാഭാവികമായും മോറട്ടോറിയത്തിൽ നിന്ന് പുറത്താകുമെന്നായിരുന്നു ഉള്ളടക്കം. എന്നാൽ, സന്ദേശം വിശ്വസിച്ച് പലരും എസ്.എം.എസുകളോട് പ്രതികരിക്കാതെ ഇരുന്നു. എന്നാൽ കാലാവധി കഴിഞ്ഞതോടെ മോറട്ടോറിയം ലഭിച്ചിട്ടില്ലെന്നും ഒരു മാസത്തെ ഇ.എം.ഐയും 500 രൂപ ചെക്ക് ബൗൺസ് ചാർജും സഹിതം നൽകണമെന്നാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ ഭീഷണി.

കെണിയായത് സാധാരണക്കാർക്ക്

ഇലക്‌ട്രോണിക് സാധനങ്ങൾ മുതൽ വാഹനങ്ങൾ വരെ ഇത്തരത്തിൽ ചെറിയ വായ്‌പയെടുത്താണ് പലരും വാങ്ങിയത്. ഓട്ടോ ഡ്രൈവർമാരും, സ്വകാര്യ ബസ് ജീവനക്കാരും തിയേറ്റർ ജീവനക്കാരും പണിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് പലിശ ഈടാക്കലും ഭീഷണിയും. ഇതിനെതിരെ പൊലീസിൽ പരാതിയുമായി എത്തിയാലും പ്രശ്നം പറഞ്ഞ് ഒതുക്കിത്തീർക്കുകയാണ്.