 
അടിമാലി: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയ്ക്ക് സമാന്തരമായി ടൗണിന്റെ മധ്യഭാഗത്തു നിന്നാരംഭിക്കുന്ന ലൈബ്രറി റോഡ് തകർന്ന് യാത്ര ദുഷ്‌കരമായിട്ട് വർഷങ്ങൾ പിന്നിട്ടു. ടൗണിൽ നിന്ന് മൂന്നാറിലേക്കുള്ള പ്രധാന പാതയിൽ ഗതാഗത തടസമോ മറ്റു പ്രശ്‌നങ്ങളോ ഉണ്ടാകുന്ന ഘട്ടങ്ങളിൽ ബൈപാസ് റോഡായി ഉപയോഗിച്ചിരുന്ന റോഡിലൂടെ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് പോലും കുഴിയിൽ ചാടാതെ പോകുക പ്രയാസമാണ്. ദേശീയപാതയിൽ കൂമ്പൻപാറയ്ക്ക് മുമ്പുള്ള സർക്കാർ ടെക്‌നിക്കൽ സ്‌കൂളിനു സമീപം റോഡ് സംഗമിപ്പിച്ച് സമാന്തരപാതയായി ഉപയോഗിക്കുന്നതിന് പതിറ്റാണ്ടുകൾ മുമ്പ് പദ്ധതി വിഭാവന ചെയ്തിരുന്നു. ഒടുവിൽ നിരവധി കുടുംബങ്ങൾ ഭൂമി വിട്ടു നൽകി വർഷങ്ങൾക്ക് മുമ്പ് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു. ആദ്യഘട്ടത്തിൽ പണികൾ നടന്നെങ്കിലും പിന്നീട് നിലച്ചു. ആശുപത്രി, ലൈബ്രറി, ഭരണകക്ഷികളുടെ ആഫീസ്, എൻ.എസ്.എസ് കരയോഗം ഓഫീസ്, ക്ലബ്ബുകൾ, നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ എന്നിവ കൂടാതെ ലക്ഷം വീട് കോളനിയിലേതടക്കം നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡാണ് താറുമാറിയിക്കിടക്കുന്നത്. വൻഗർത്തങ്ങൾ രൂപപ്പെട്ട് റോഡിൽ നിറയെ ചെളിക്കുളങ്ങളാണ്. സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്കും ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലേക്കും സർക്കാർ ഹൈസ്‌കൂളിലേക്കുമടക്കമുള്ള ആയിരക്കണക്കിന് വിദ്യാർത്ഥികളും ദിവസേന കാൽനടയായി യാത്ര ചെയ്യാനുപയോഗിക്കുന്ന റോഡാണിത്. പൊതുവെ കയറ്റം കുറഞ്ഞ റോഡിൽ കുറ്റമറ്റ രീതിയിൽ ടാറിംങ് നടത്തിയാൽ തന്നെ വർഷങ്ങളോളം കേടുപാടുകൾ കൂടാതെ നിലനിറുത്താനാകും. പൊതുമരാമത്ത് റോഡായതിനാൽ ഫണ്ട് അനുവദിക്കാനാകില്ലെന്നാണ് പഞ്ചായത്തിന്റെ നിലപാട്. 1.8 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള റോഡിന്റെ അറ്റകുറ്റപണികൾ അടിയന്തരമായി നടത്തണമെന്ന ആവശ്യവുമായി പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്.