
 ഉമ്മൻചാണ്ടിയുടെ അറിവോടെയെന്നും
ഔദ്യോഗിക റിപ്പോർട്ടല്ലെന്ന് ജോസ് കെ. മാണി
കോട്ടയം: ബാർ കോഴക്കേസിൽ കേരള കോൺഗ്രസ് -എം ലീഡറും ധനകാര്യമന്ത്രിയുമായിരുന്ന കെ.എം മാണിക്കെതിരെ നടന്ന ഗൂഢാലോചനയ്ക്ക് പിന്നിൽ മുൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മറ്റ് ഐ ഗ്രൂപ്പ് നേതാക്കളുമായിരുന്നുവെന്ന് ആരോപണം.
അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നും കൊച്ചിയിലെ ഒരു ഡിറ്റക്ടീവ് ഏജൻസിയെക്കൊണ്ട് പാർട്ടി തയാറാക്കിച്ച അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പുറത്തായി. ജോസ് കെ. മാണി യു.ഡി.എഫ് വിട്ട് ഇടതുമുന്നണിയിലേക്ക് പോയതിന് പിറകെ റിപ്പോർട്ട് പരസ്യമായതിന് പിന്നിൽ ജോസ് വിഭാഗമാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. ബാർ കോഴയിൽ മാണിക്കെതിരെ സമരം നയിച്ച ഇടതു മുന്നണിയിൽ ജോസ് വിഭാഗം ചേരുന്നതിലെ ജാള്യത മറക്കാനാണ് ബാർ കോഴ ഗൂഢാലോചനക്കു പിന്നിൽ ചെന്നിത്തലയെന്ന് ആരോപിക്കുന്ന റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടതെന്ന് ജോസഫ് വിഭാഗം ജനറൽ സെക്രട്ടറി ജോയ് എബ്രഹാം ആരോപിച്ചു. എന്നാൽ,ഈ റിപ്പോർട്ട് ഔദ്യോഗികമല്ലെന്നും ഒറിജിനൽ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നുമായിരുന്നു ജോസ് കെ. മാണിയുടെ വിശദീകരണം. മുമ്പ് ഔദ്യോഗിക റിപ്പോർട്ടെന്നു പറഞ്ഞ് മാദ്ധ്യമങ്ങൾ നൽകിയ വാർത്തയുടെ ആവർത്തനമാണിതെന്നും അദ്ദേഹം പറഞ്ഞു.
പി.സി.ജോർജ്, ജോസഫ് വാഴക്കൻ, അടൂർ പ്രകാശ് , ആർ.ബാലകൃഷ്ണപിള്ള എന്നിവരെക്കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്. ബാർ കോഴ സംബന്ധിച്ച ആരോപണം ഉയർന്നപ്പോൾ അന്വേഷണത്തിന് കേരളകോൺഗ്രസ് -എം സ്റ്റിയറിംഗ് കമ്മിറ്റി കൂടി ഡെപ്യൂട്ടി ലീഡർ സി.എഫ്.തോമസ് ചെയർമാനായി 2014ൽ കമ്മിഷനെ വച്ചിരുന്നു. കമ്മിഷൻ മൂന്നു തവണ കൂടിയെങ്കിലും കണ്ടെത്തലുകൾ ഉന്നത യു.ഡി.എഫ് നേതാക്കൾക്കെതിരായതിനാൽ റിപ്പോർട്ട് പുറത്തു വന്നില്ല.
ഐ ഗ്രൂപ്പിനെ പ്രതിക്കൂട്ടിൽ നിറുത്തുന്ന റിപ്പോർട്ടിൽ, കെ.എം. മാണിയെയും കേരള കോൺഗ്രസിനെയും ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്നായിരുന്നു കണ്ടെത്തൽ. 
റിപ്പോർട്ട് തയാറാക്കൽ പാതി വഴിയിൽ സ്തംഭിച്ചതോടെ അന്വേഷണച്ചുമതല കൊച്ചിയിലെ ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിക്കു നൽകിയതായി കെ.എം.മാണി പിന്നീട് അറിയിച്ചിരുന്നു. അന്തരിച്ച സി.എഫ് .തോമസിന്റെ ഒപ്പോടെയുള്ല ആ അന്വേഷണ റിപ്പോർട്ടാണ് ഇന്നലെ ചാനലുകളിലൂടെ പുറത്തു വന്നത്. 2016 മാർച്ച് 31ന് സമർപ്പിച്ച റിപ്പോർട്ട് നാല് വർഷത്തോളം കേരള കോൺഗ്രസ്-എം നേതൃത്വത്തിന്റെ കൈവശമായിരുന്നു.