aalmaram

പൊൻകുന്നം : പൊരിവെയിലിൽ തളരർന്ന് വരുന്നവർക്ക് തണലും കുളിർകാറ്റുമേകി ഒരു നൂറ്റാണ്ടിന്റെ ചരിത്ര സാക്ഷിയായി തലയെടുപ്പോടെ നിലകൊള്ളുന്ന ആൽമര മുത്തശ്ശി പൊൻകുന്നത്തിന്റെ ആശ്വാസവും അഭിമാനവുമാകുന്നു. ദേശീയപാത വികസനത്തിന്റെ പേരിൽ കടയ്ക്കൽ മഴു ഓങ്ങിയപ്പോൾ
പ്രകൃതിസ്‌നേഹികളുടെ ഇടപെടലിലൂടെ ആയുസ് നീട്ടിക്കിട്ടിയതാണ്. രോഗാവസ്ഥയും പ്രായാധിക്യവുമായിരുന്നു മരം മുറിച്ചുനീക്കാൻ പറഞ്ഞ മറ്റു കാരണങ്ങൾ.

പ്രതിസന്ധികളെ അതിജീവിച്ച് ആൽമരമുത്തശ്ശി വൃക്ഷായുർവേദ ചികിത്സയിലൂടെ യൗവ്വനം വീണ്ടെടുത്തു. മുത്തശ്ശിയുടെ ചർമ്മകാന്തിയിൽ ഒരുക്കിയ തണൽവഴിയിലൂടെയാണ് യാത്രക്കാരുടെ സഞ്ചാരം.പൊൻകുന്നത്തെ ഓട്ടോതൊഴിലാളികൾക്ക് ആലയമാണ് മരമുത്തശ്ശി. തിരുവിതാംകൂർ രാജഭരണകാലത്ത് പൊൻകുന്നത്ത് മജിസ്‌ട്രേറ്റ് കോടതിക്കെട്ടിടത്തിൽ വളർന്ന തൈ പറിച്ചുകൊണ്ടുവന്ന് ഇവിടെ നട്ടതാണ്. ചിത്തിരതിരുനാൾ മഹാരാജാവിന്റെ ജന്മദിനത്തിലായിരുന്നു അത്. ദേശീയപാതാ വികസനകാലത്ത് മരം മുറിച്ചുനീക്കാൻ ശ്രമം നടന്നെങ്കിലും പരിസ്ഥിതി പ്രവർത്തകൻ കെ.ബിനുവിന്റെ നേതൃത്വത്തിൽ ഓട്ടോതൊഴിലാളികൾ രംഗത്തെത്തി.

പീച്ചി ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ജി.ഇ.മല്ലികാർജുന സ്വാമിയുടെ നേതൃത്വത്തിൽ അരയാലിന്റെ ആരോഗ്യം സംബന്ധിച്ച് പരിശോധന നടത്തുകയും അരയാൽ ഇനി ഒരു 100 വർഷം കേടുപാട് ഇല്ലാതെ നില നിൽക്കുമെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തതോടെയാണ് ആൽമരത്തിന് ആയുസ് നീട്ടിക്കിട്ടിയത്. പൊൻകുന്നത്തിന്റെ ചരിത്രത്തിനൊപ്പം വളർന്നുപന്തലിച്ച ആൽമുത്തശ്ശി ഇന്നും നഗരത്തിരക്കിലെ പച്ചപ്പുള്ള സൗന്ദര്യക്കാഴ്ചയാണ്. കൊവിഡ് കാലത്ത് ഓട്ടോതൊഴിലാളികൾ ബോധവത്ക്കരണ പരിപാടി നടത്തിയപ്പോഴും ആൽമുത്തശ്ശിക്ക് അതിൽ ഇടം കിട്ടി. ബോധവത്ക്കരണ സന്ദേശങ്ങൾ എഴുതിയ പ്ലക്കാർഡുകൾ ഇടംപിടിച്ചത് ഈ തണലിലാണ്.