പൊൻകുന്നം: കേരളത്തിലെ സ്ഥലനാമങ്ങളിൽ വൃക്ഷങ്ങളുടെയും മറ്റ് സസ്യങ്ങളുടെയും പേരുചേർത്തുള്ളവയുടെ സമഗ്രരേഖ തയ്യാറാക്കിയ കോട്ടയം ബാബുരാജിന് പരിസ്ഥിതി സ്‌നേഹികളുടെ ആദരവ്. വർഷങ്ങളായി കേരളത്തിലെ എല്ലാസ്ഥലങ്ങളിലൂടെയും സഞ്ചരിച്ച് മുപ്പതിനായിരത്തോളം സ്ഥലനാമങ്ങളും വഴികളും രേഖപ്പെടുത്തിയയാളാണ് റിട്ട.ലേബർ ഓഫീസർ മണർകാട് സ്വദേശി കോട്ടയം ബാബുരാജ്. കെ.ബിനു ബാബുരാജിനെ പൊന്നാട അണിയിച്ചു. മുളങ്കുറ്റിയിൽ പാകി വളർത്തിയ ഇലഞ്ഞിത്തൈ കെ.ബിനുവും അച്യുത് എസ്.നായരും ചേർന്ന് സമ്മാനിച്ചു. വൃക്ഷപരിസ്ഥിതി സംരക്ഷണസമിതി സംസ്ഥാന കോഓർഡിനേറ്റർ എസ്.ബിജു, പരിസ്ഥിതി പ്രവർത്തകരായ ഗോപകുമാർ കങ്ങഴ, സുനിൽ വാഴൂർ, ശരൺ ചന്ദ്രൻ, അനഘ എസ്.നായർ എന്നിവർ പങ്കെടുത്തു.