ഉരുളികുന്നം: സ്വന്തം ചായക്കട പാർട്ടിഓഫീസായി പ്രവർത്തിക്കാൻ അനുവദിച്ച് ഉരുളികുന്നത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചക്കായി പ്രവർത്തിച്ച വളഞ്ഞതോട്ട് പുരുഷോത്തമൻ നായർ ഓർമ്മയായി. പാർട്ടി രണ്ടാകും മുൻപേ കമ്യൂണിസ്റ്റ് രാഷട്രീയത്തിന്റെ ചർച്ചാ കേന്ദ്രമായിരുന്നു കുട്ടപ്പൻ ചേട്ടൻ എന്ന പുരുഷോത്തമൻ നായരുടെ ചായക്കട. അടിയന്തിരാവസ്ഥയും വിമോചന സമരവും ഉൾപ്പെടുന്ന പഴയ ചരിത്രങ്ങൾക്കൊപ്പം ചർച്ചാവേദിയായിരുന്നു ഈ ചായക്കട. വളഞ്ഞതോട് പ്രദേശത്തിന് പേര് ലഭിച്ചത് കുട്ടപ്പൻ ചേട്ടന്റെ ചായക്കടയുടെ പേരിൽ നിന്നാണ്.പൈകചെങ്ങളം റോഡരികിൽ വീടിനോട് ചേർന്നുള്ള ചായക്കട 1980കളിൽ ഉരുളികുന്നത്ത് നടന്ന റബർ ടാപ്പിംഗ് തൊഴിലാളികളുടെ സമരത്തിന് സംഘാടന വേദികൂടിയായിരുന്നു. കമ്മ്യൂണിസ്റ്റ് നേതാക്കളെത്തി ആലോചനകളും കമ്മിറ്റികളും നടത്തിയതും കുട്ടപ്പച്ചേട്ടന്റെ ചായപ്പീടികയിൽ ആയിരുന്നു എന്നതും ചരിത്രം.