പാലാ: പുഞ്ചിരിയുടെ ശബ്ദവും എഴുത്തുമായി സമൂഹമാധ്യമത്തിൽ ആൻസൻ ആറാം വർഷത്തിലേക്ക്.
എന്നും രാവിലെ ഒരു ലക്ഷത്തോളം പേരുടെ വാട്‌സപ്പിലേക്ക് 'വോയ്‌സ് ഓഫ് സ്‌മൈൽ ' എന്ന പേരിൽ ആൻസന്റെ ശബ്ദ സന്ദേശമെത്തും. രാത്രി അത്ര തന്നെയാളുകളുടെ വാട്‌സപ്പിൽ 'വേർഡ്‌സ് ഓഫ് സ്‌മൈൽ ' എന്ന എഴുത്തുസന്ദേശവും. ജീവിതത്തെ പ്രതീക്ഷയോടെ കാണുന്നതിനുള്ള പ്രചോദനാത്മക സന്ദേശങ്ങളാണ് ഈ അദ്ധ്യാപകൻ നിത്യവും സമൂഹത്തിനു കൈമാറുന്നത്. കഴിഞ്ഞ അഞ്ചു വർഷമായി ഒരിക്കലും മുടങ്ങാതെയുള്ള ദിനചര്യ.'ആൻസൻ കുറുമ്പത്തുരുത്ത് ' എന്ന പേരിൽ ഒരിക്കലെങ്കിലും നിങ്ങളുടെ വാട്‌സപ്പിലും ജീവിത വിജയകഥകളുടെ ഈ നുറുങ്ങു സന്ദേശങ്ങളെത്താതിരിക്കില്ല; അത്രമേൽ പ്രസിദ്ധമായിട്ടുണ്ട് ഈ മധുര വാക്കുകൾ.
എറണാകുളം ചേന്ദമംഗലം പഞ്ചായത്തിലെ കുറുമ്പത്തുരുത്ത് ഗ്രാമത്തിൽ ജനിച്ച ആൻസന്റെ സന്ദേശങ്ങൾക്ക് കാതോർക്കുന്നത് വിവിധ ജില്ലകളിലും വിദേശത്തുമായി ഒരു ലക്ഷത്തോളം പേരാണ്. നൂറോളം വാട്‌സപ്പ് ഗ്രൂപ്പുകളിലേക്ക് ആൻസൻ നേരിട്ടാണ് ഈ ശബ്ദ എഴുത്ത് സന്ദേശങ്ങൾ അയക്കുന്നത്.
2007 മുതൽ സർക്കാർ വിദ്യാലയത്തിൽ അദ്ധ്യാപകനായി സേവനം ചെയ്യുന്നു. ങ്കമാലി ഉപജില്ലയിലെ പീച്ചാനിക്കാട് ഗവ. യു.പി. സ്‌കൂളിലാണ് ഇപ്പോൾ ഇപ്പോൾ ജോലി. 16 വർഷമായി ചവിട്ടുനാടക രംഗത്തും പ്രവർത്തിക്കുന്നു. കഴിഞ്ഞ 1800 ൽ പരം ദിവസങ്ങളായി മുടങ്ങാതെ ദിനവും ശുഭദിന പ്രഭാഷണങ്ങൾ, സന്ദേശങ്ങൾ നൽകി വരുന്ന ആൻസന് വിവിധ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രചോദനാത്മക സന്ദേശങ്ങൾ ഉൾപ്പെടുത്തി ഒരു പുസ്തകം പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ആൻസൻ. ഭാര്യ സബിത സിവിൽ പൊലീസ് ഓഫീസറാണ്. മകൾ ആൻസലീന ആൻസൻ അഞ്ചാം ക്ലാസിൽ പഠിക്കുന്നു.